തിരുവനന്തപുരം: പുൽവാമയ്ക്ക് തിരിച്ചടി നൽകി രാജ്യം അഭിമാനത്തോടൊപ്പം ജാഗ്രതയോടെ നിന്ന സമയത്താണ് പാക് വ്യോമസേന ഇന്ത്യൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി പറന്നെത്തിയത്. ആക്രമണം പ്രതീക്ഷിച്ച് തന്നെയായിരുന്നു ഇന്ത്യ നിലയുറപ്പിച്ചിരുന്നത്. ഇന്ത്യൻ വ്യോമസേനയുടെ മിഗ് വിമാനങ്ങൾ പാക് വ്യോമസേനയെ പ്രതിരോധിക്കാൻ പറന്നുയർന്നത് രാജ്യസുരക്ഷ മുൻനിർത്തി തന്നെയാണ്.

പാക് സൈന്യത്തെ ഫലപ്രദമായി ചെറുക്കുകയും അവരുടെ ഫൈറ്റർ ജെറ്റിനെ വെടിവച്ചിടുകയും ചെയ്തു ഇന്ത്യൻ സംഘം. എന്നാൽ ആക്രമണത്തിൽ ഇന്ത്യയുടെ നഷ്ടം ഒരു മിഗ് 21 വിമാനവും പൈലറ്റുമായിരുന്നു. എയർഫോഴ്സിലെ വിങ് കമ്മാന്റർ അഭിനന്ദൻ തങ്ങളുടെ പക്കലുണ്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടത് ഒടുവിൽ ഇന്ത്യ സ്ഥിരീകരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങിവരവിനാണ് ഇന്ത്യ കാത്തിരിക്കുന്നത്. എന്നാൽ ചരിത്രത്തിൽ മറ്റൊരു അഭിനന്ദനുണ്ട്, അയാളുടെ പേരാണ് കമ്പംബെട്ടി നചികേത.

കാർഗിലിൽ, ഇരുപത‌് വർഷങ്ങൾക്ക‌് മുമ്പ‌് ഇന്ത്യ നേരിട്ട അതേ പ്രതിസന്ധിയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. അന്ന് യുദ്ധമായിരുന്നെങ്കിൽ ഇന്ന് സംഘർഷമാണെന്നത് മാത്രമാണ് വ്യത്യാസം.   1999 ലെ കാർഗിൽ യുദ്ധത്തിൽ പാക്ക‌് പിടിയിലായ ഏക ഇന്ത്യൻ സൈനകിനും ഒരു പൈലറ്റായിരുന്നു. വെറും 26 വയസ് മാത്രമായിരുന്നു പിടിയിലാകുമ്പോൾ കമ്പംബെട്ടി നചികേതയുടെ പ്രായം.

ബറ്റാലിക‌് സെക‌്ടറിൽ കരസേനാ നീക്കം സുഗമമാക്കുന്നതിന് ആകാശത്ത് സുരക്ഷ നൽകുകയായിരുന്നു വ്യോമസേനാ സംഘം.  1999 മേയ‌് 27 ആയിരുന്നു അന്ന്.  നചികേത പറത്തിയ മിഗ‌് 27 ഫൈറ്റ‌ർ ജെറ്റ‌് യന്ത്രത്തകരാർ മൂലം 18,000 അടി ഉയരത്തിൽ നിന്നും തകർന്നു വീണു. മരണം മുന്നിൽ കണ്ട നചികേത അടിയന്തിര രക്ഷാ മാർഗ്ഗം ഉപയോഗിച്ചു. കോക‌്പിറ്റിൽ നിന്ന‌് ഇജക‌്ട‌് ചെയ‌്ത‌് പാരച്യുട്ടിൽ നചികേത പറന്നിറങ്ങിയത് നിർഭാഗ്യവശാൽ പാക്കിസ്ഥാനിലായിരുന്നു.

പാക് സൈനികരുടെ കൊടിയ മർദ്ദനത്തിന് ഇരയായ നചികേതയ്ക്ക് എട്ടാം ദിവസമാണ് മോചനം സാധ്യമായത്. അതും അമേരിക്കയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും ഇടപെടൽ കൊണ്ട് മാത്രം.  പാക്കിസ്ഥാനിൽ അന്നത്തെ ഇന്ത്യൻ ഹൈക്കമീഷണറായിരുന്ന ജി. പാർഥസാരഥിയായിരുന്നു നയതന്ത്ര ചർച്ചകൾക്ക‌് നേതൃത്വം നൽകിയത‌്.

നീണ്ട നാല് വർഷമാണ് നചികേതയ്ക്ക് ചികിത്സ വേണ്ടി വന്നത്. അത്രയും കാലമെടുത്തു നചികേതയുടെ മുറിവുകൾ ഉണങ്ങാൻ. 2003 ൽ മാത്രമാണ‌് അദ്ദേഹത്തിന‌് വീണ്ടും പറക്കാനായത‌്. 2000ൽ വായുസേനാ മെഡൽ നൽകി രാജ്യം അദ്ദേഹത്തിന്റെ ധീരതയെ  ആദരിച്ചു. ഇന്ന് വ്യോമസേനയിൽ ഗ്രൂപ്പ‌് ക്യാപ‌്റ്റനാണ‌് നചികേത.

ഇന്ത്യ നടത്തിയത് ഭീകരർക്ക് എതിരെയുളള ആക്രമണമായതിനാൽ അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് എതിരാണ് കാര്യങ്ങൾ. ജനീവ ഉടമ്പടിയിൽ ശത്രുരാജ്യത്തെ സൈനികരോടുളള പെരുമാറ്റത്തിൽ കർശന മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ പാക്കിസ്ഥാൻ സമ്മർദ്ദത്തിലുമാണ്.

അഭിനന്ദ‌നോട് പാക് സൈന്യം നന്നായാണ് പെരുമാറുന്നതെന്നാണ് പാക് സൈന്യം പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്. എന്നാൽ കാര്യങ്ങൾ അത്ര സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook