മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പ്രതികരണവുമായി സ്മൃതി ഇറാനി. എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമില്ലെന്ന് മുംബൈയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ സ്മൃതി ഇറാനി പറഞ്ഞു.

‘നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് രക്തത്തില്‍ കുതിര്‍ന്ന സാനിറ്ററി പാഡുകള്‍ അയച്ചുകൊടുക്കാറുണ്ടോ? പിന്നെന്തിനാണ് ദേവാലയത്തിലേക്ക് അത് കൊണ്ടു പോകുന്നത്?,’ സ്മൃതി ഇറാനി ചോദിച്ചു. ഒരു കേന്ദ്രമന്ത്രി എന്ന നിലയ്ക്ക്, എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയെ കുറിച്ച് തനിക്ക് തുറന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്കു ശേഷം ഒക്ടോബര്‍ 17ന് ശബരിമല നട തുറക്കുകയും 22ന് തുലാമാസ പൂജകള്‍ക്കായി അടയ്ക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ള 12ല്‍ അധികം സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പ്രതിഷേധം മൂലം തിരിച്ചുപോകേണ്ടി വന്നു.

സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. 19 റിവ്യൂ ഹര്‍ജികളും നിരവധി റിട്ട് ഹര്‍ജികളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 17നാണ് മണ്ഡലകാലം ആരംഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook