ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീം കോടതി. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥനോടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ വിചിത്ര ചോദ്യം. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിക്ക് നാല് ആഴ്ച അറസ്റ്റിൽ നിന്ന് സംരക്ഷണവും കോടതി അനുവദിച്ചു.
‘ ബലാത്സംഗത്തിനു ഇരയായ പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ നിങ്ങളുടെ കക്ഷി തയ്യാറാണോ ? ‘ പ്രതിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
മഹാരാഷ്ട്ര ഇലക്ട്രിസിറ്റി പ്രൊഡക്ഷൻ കമ്പനിയിലെ ടെക്നീഷ്യനാണ് കുറ്റാരോപിതൻ. ഇയാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ സർക്കാർ സർവീസിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യുമെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്
.Read Also: ‘ഒറ്റകൈ കൊണ്ട് പുഷ് അപ് അടിക്കാമോ?’; വിദ്യാർഥിനിയെ വെല്ലുവിളിച്ച് രാഹുൽ, കില്ലാടി തന്നെയെന്ന് സോഷ്യൽ മീഡിയ
“ഇതെല്ലാം നിങ്ങൾ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു. സർക്കാർ ജീവനക്കാരനാണെന്ന് നിങ്ങൾക്ക് അറിയില്ലേ ? പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഞങ്ങൾ നിർബന്ധിക്കുന്നില്ല. നിങ്ങളുടെ നിലപാടാണ് ഞങ്ങൾക്ക് അറിയേണ്ടത്. വിവാഹം കഴിക്കാൻ സമ്മതമാണോ അല്ലേ എന്ന് ഞങ്ങൾക്ക് അറിയണം. ഇല്ലെങ്കിൽ വിവാഹം കഴിക്കാൻ ഞങ്ങൾ നിർബന്ധിച്ചു എന്ന് പിന്നീട് നിങ്ങൾ പറഞ്ഞേക്കാം,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
പെൺകുട്ടിയെ വിവാഹം കഴിക്കാൻ തന്റെ കക്ഷിക്ക് സമ്മതമായിരുന്നു എന്നും എന്നാൽ പെൺകുട്ടി അത് നിഷേധിച്ചെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തനിക്ക് പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും താൻ വിവാഹിതനാണെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്.
പെൺകുട്ടി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി പ്രതി പെൺകുട്ടിയെ പിന്തുടരുന്നത് പതിവായിരുന്നു. ഒരു ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടപ്പോൾ പ്രതിയുടെ അമ്മ മകനെ കൊണ്ട് ഇരയായ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ കല്യാണം നടത്താമെന്നായിരുന്നു പ്രതിയുടെ അമ്മ പറഞ്ഞത്. എന്നാൽ, 18 വയസ് കഴിഞ്ഞപ്പോൾ പ്രതി വിവാഹ വാഗ്ദാനം നിരസിച്ചു. പെൺകുട്ടിയുടെ കുടുംബം ഇയാൾക്കെതിരെ വീണ്ടും പരാതി നൽകുകയും ചെയ്തു.