മുംബൈ: രാജസ്ഥാൻ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശം വേദനിപ്പിക്കാൻ ഉദ്ദേശിച്ചുളളതല്ലെന്ന് ആവർത്തിച്ച് മുൻ ജെഡിയു നേതാവ് ശരത് യാദവ്.  വസുന്ധരയ്ക്ക് ഈ വിഷയത്തിൽ കത്ത് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. താനും വസുന്ധരയും കുടുംബ സുഹൃത്തുക്കളാണെന്നും ശരത് യാദവ് പറഞ്ഞു.

“ഞാൻ അവരുടെ പ്രസ്താവന കണ്ടു. എനിക്ക് അവരുമായി വളരെ കാലം പഴക്കമുളള കുടുംബ സൗഹൃദമാണ് ഉളളത്. എന്റെ വാക്കുകൾ അവരെ വേദനിപ്പിച്ചെങ്കിൽ ഞാനതിൽ ഖേദിക്കുന്നു. ഈ വിഷയത്തിൽ ഞാനവർക്ക് കത്ത് അയക്കും,” ശരത് യാദവ് പറഞ്ഞു.

വസുന്ധര രാജ സിന്ധ്യയുടെ ശരീരത്തെ പരാമർശിച്ചാണ് ശരത് യാദവ് സംസാരിച്ചത്. വസുന്ധരയ്ക്ക് തടി കൂടുതലാണെന്നും ഇനി അവർക്ക് വിശ്രമം ആണ് വേണ്ടതെന്നും ശരത് യാദവ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ആവേശത്തിൽ നിൽക്കെ മുൻ ജെഡിയു നേതാവ് നടത്തിയ ഈ പരാമർശം വലിയ വിമർശനമാണ് ഉയർത്തിയത്.

സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതിനിടെ ശരത് യാദവിന്റെ പരാമർശം തനിക്ക് അപമാനമുണ്ടാക്കിയെന്ന് വസുന്ധര രാജ സിന്ധ്യ പറഞ്ഞിരുന്നു. “എനിക്ക് വളരെയേറെ അപമാനമാണ് ഇതിലൂടെ തോന്നിയത്. മറ്റ് സ്ത്രീകൾക്കും അങ്ങിനെയാണെന്ന് താൻ കരുതുന്നു,” എന്ന് വസുന്ധര വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

ശരദ് യാദവ് മാപ്പ് പറയണം; ബിജെപിയുടെ വനിതാ മുഖ്യമന്ത്രിയെ പിന്തുണച്ച് ഭൃന്ദ കാരാട്ട്

വസുന്ധര രാജയെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ഭൃന്ദ കാരാട്ട് ഇന്നലെ രംഗത്ത് വന്നിരുന്നു. വസുന്ധരയെ വ്യക്തിപരമായി അധിക്ഷേപിച്ച ജനതാദൾ (യു) നേതാവ് ശരത് യാദവ് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം.

“ശരത് യാദവിനെ പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു. വസുന്ധര രാജ ഒരു രാഷ്ട്രീയ എതിരാളി മാത്രമല്ല, അവർ ഒരു സ്ത്രീ നേതാവും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. അവർക്കെതിരെ അത്തരത്തിൽ അധിക്ഷേപിക്കും വിധം ഒരു പരാമർശം നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. അദ്ദേഹം ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം,” ഭൃന്ദ കാരാട്ട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ