പൂനെ: സർക്കാർ സംരക്ഷണം ഒരുക്കുമോ ഇല്ലയോ എന്നത് തന്റെ പരിഗണനാ വിഷയമല്ലെന്നും എന്തുവന്നാലും നവംബർ 20ന് ശേഷം ശബരിമലയിൽ എത്തുമെന്നും ഭൂമാതാ ബ്രിഗേഡ് പ്രവർത്തക തൃപ്തി ദേശായി.

“നവംബർ 20 ന് ശേഷം ശബരിമലയിലേക്ക് പോകും. ഞങ്ങൾ കേരള സർക്കാരിൽ നിന്ന് സംരക്ഷണം തേടും. സംരക്ഷണം നൽകണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്. സംരക്ഷണം നൽകിയില്ലെങ്കിലും ദർശനത്തിനായി ഞാൻ ശബരിമല സന്ദർശിക്കും,” തൃപ്തി ദേശായി പറഞ്ഞു.

ക്ഷേത്രം സന്ദർശിക്കുന്ന ഒരു സ്ത്രീക്കും സംസ്ഥാന സർക്കാർ സംരക്ഷണം നൽകില്ലെന്നും സംരക്ഷണം ആവശ്യമുള്ളവർ സുപ്രീം കോടതിയിൽനിന്ന് ഉത്തരവ് വാങ്ങണമെന്നും ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകൾ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശ്രീകോവിലിനെ കാണരുതെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

Read More: ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം; വിധിയില്‍ വ്യക്തത കുറുവുണ്ടെന്ന് ദേവസ്വം മന്ത്രി

സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിധിയിൽ വ്യക്തതക്കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകെെ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

അതേസമയം വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ രംഗത്തെത്തി. ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണെന്ന് പുന്നല ശ്രീകുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീപ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.

Read More: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

യുവതികൾ കോടതി ഉത്തരവുമായി വരട്ടെയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധനാ ഹര്‍ജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്നും പുന്നല ശ്രീകുമാർ വിമർശിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമ വിധി വരുംവരെ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത സര്‍ക്കാരിന് നിയമോപദേശം നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook