ശ്രീനഗര്‍ : മികച്ച ഭൂരിപക്ഷത്തോടെ കശ്മീരില്‍ ഒറ്റകക്ഷി ഭരണം ലഭിക്കുന്ന ഘട്ടത്തില്‍ ആര്‍ട്ടികള്‍ 370ലും ആര്‍ട്ടികള്‍ 35 എയിലും ഭേദഗതി വരുത്തിക്കൊണ്ട് ജമ്മു കശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പരിഗണനകള്‍ എടുത്തുകളയുമെന്ന് ജമ്മുകശ്‌മീര്‍ ഉപമുഖ്യമന്ത്രി ഡോ നിര്‍മല്‍ സിങ്.

” ആര്‍ട്ടികള്‍ 370നേയും ആര്‍ട്ടികള്‍ 35നേയും കുറിച്ചുള്ള ബിജെപിയുടെ നിലപാട് സുതാര്യമാണ്. ഞങ്ങള്‍ ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കും. ” ജമ്മുവില്‍ നടന്ന സ്വാതന്ത്ര്യദിന മാര്‍ച്ചിനു ശേഷം നിര്‍മല്‍ സിങ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജമ്മുകശ്‌മീരിലെ ജനങ്ങള്‍ നാല്‍പ്പത്തി നാലിനു മുകളില്‍ സീറ്റുകളില്‍ ഞങ്ങളെ തിരഞ്ഞെടുക്കുകയാണ് എങ്കില്‍ ആര്‍ട്ടികള്‍ 370നേയും ആര്‍ട്ടികള്‍ 35നേയും കുറിച്ച് ഞങ്ങള്‍ നിലപാടെടുക്കും. “പക്ഷെ ഇന്ന് സർക്കാർ സഖ്യത്തിന്‍റെ അജണ്ടയുമായി ചേർന്നു നിൽക്കുകയാണ്, അതിനാല്‍ തന്നെ നിലനിൽക്കുന്ന ഭരണഘടനാ ചട്ടങ്ങളിൽ തുടര്‍ന്നുകൊള്ളാമെന്നു ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

ആര്‍ട്ടികള്‍ 35 പിന്‍വലിക്കുക ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വാദത്തോടും മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ നിര്‍മല്‍ സിങ് പ്രതികരിച്ചു. വിഷയത്തില്‍ ഒരു പൊതുചര്‍ച്ചയാകാമെന്നും വസ്തുനിഷ്ഠമായ കണക്കുകള്‍ വച്ച് സംസാരിക്കാം എന്നും പറഞ്ഞ നിര്‍മല്‍ സിങ്. “നമ്മള്‍ ഒരു ജനാധിപത്യ സംവിധാനത്തിലാണ്. കഴിഞ്ഞ 70 വർഷക്കാലം ഭരണഘടനയിലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നതില്‍ ചര്‍ച്ച ആവശ്യമാണ്‌. ഇന്ന് വരെ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് …അവര്‍ ചർച്ച ചെയ്യട്ടെ. വസ്തുതകളും കണക്കുകളും നിരത്തി അവര്‍ സംസാരിക്കട്ടെ” നിര്‍മല്‍ സിങ് പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് അടക്കം പ്രതിപക്ഷ കക്ഷികളോട് ആര്‍ട്ടികള്‍ 35 സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് എന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook