സിയോൾ: ദക്ഷിണ കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അത് നടപ്പാക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തുമെന്നും ഭീഷണി ഉന്നയിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.

“ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഉടൻ തന്നെ ഞങ്ങൾ അടുത്ത നടപടി സ്വീകരിക്കും,” കിം യോ ജോങ് പറഞ്ഞു.

അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ് ഭീഷണി ഉയര്‍ത്തിയത്.

“ഉന്നത നേതാവും നമ്മുടെ പാർട്ടിയും സംസ്ഥാനവും എനിക്ക് നൽകിയ എന്റെ അധികാരം ഉപയോഗിച്ച്, ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ ഞാൻ സൈന്യത്തിന് അധികാരം നല്‍കും” കിം യോ ജോങ് പറഞ്ഞു.

Read More: അമേരിക്കയിൽ വീണ്ടും പൊലീസ് ക്രൂരത; കറുത്തവർഗക്കാരനെ വെടിവച്ചു കൊന്നു

ശത്രുവിനെതിരെ അടുത്ത നടപടി സ്വീകരിക്കാനുള്ള അവകാശം നമ്മുടെ സൈന്യത്തിന്റെ ജനറൽ സ്റ്റാഫിനെ ഏൽപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സൈനിക നടപടി എന്തായിരിക്കുമെന്ന് കിം വിശദീകരിച്ചിട്ടില്ല, എന്നാൽ ഉത്തരകൊറിയൻ അതിർത്തി നഗരമായ കെയ്‌സോങ്ങിലെ ജോയിന്റ് ലൈസൻ ഓഫീസ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

കിം കുടുംബത്തില്‍ കിം യോ ജോങ് മാത്രമാണ് ഔദ്യോഗിക പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ കിം ജോങ് ഉന്നിന്റെ രോഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോഴും ലോക രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കിം യോ ജോങിലേക്ക് എത്തിയിരുന്നു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭരണ നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായാണ് കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Read in English: Kim’s sister says army ready for action on South Korea

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook