ജയ്പൂര്‍: രാജസ്ഥാന് നിയമസഭ സമ്മേളനം നടത്തുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പറഞ്ഞു. ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജയ്പൂരിലും ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ബിജെപിക്ക് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഗവര്‍ണറോട് നിയമസഭാ സമ്മേളനം വിളിക്കാനും ആവശ്യപ്പെട്ടു.
സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ 18 എംഎംഎല്‍മാര്‍ വിമതരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ്. എന്നാല്‍, ഗവര്‍ണര്‍ കല്‍രാജ് മിശ്ര ആറ് വിഷയങ്ങള്‍ ഗഹ്ലോട്ടിന് മുന്നില്‍ വച്ചു. വെള്ളിയാഴ്ച രാത്രി നടന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
കുറഞ്ഞത് 19 എംഎല്‍എമാര്‍ സചിന് ക്യാമ്പിലുണ്ടെങ്കിലും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗഹ്ലോട്ട്. തിങ്കളാഴ്ച്ച നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം എംഎല്എമാരുമായെത്തി രാജ്ഭവന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മുകളില്‍ നിന്നുള്ള സമര്‍ദ്ദം കാരണമാണ് ഗവര്‍ണര്‍ സമ്മേളനം വിളിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിയുടെ പ്രതിനിധി സംഘം ഗവര്‍ണറെ സന്ദര്‍ഷിച്ചു. സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ്ര കട്ടാരിയയുമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.
Read in English: Will stage protest outside PM’s residence, if required, says CM Gehlot