ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം സ്വീകരിക്കുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. എന്തുകൊണ്ടാണ് രാജ്യസഭാംഗത്വം സ്വീകരിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ നാളെ ഡൽഹിയിലേക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ. ഞാൻ എന്തിനിത് സ്വീകരിച്ചുവെന്ന് പിന്നീട് മാധ്യമങ്ങളോട് വിശദമായി സംസാരിക്കും,” രഞ്ജൻ ഗോഗോയ് അസമിലെ ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 13 മാസത്തോളം സുപ്രീം കോടതിയുടെ അധ്യക്ഷത വഹിച്ച ജസ്റ്റിസ് ഗൊഗോയ് കഴിഞ്ഞ നവംബറിൽ വിരമിച്ചിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഗൊഗോയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട കെ.ടി.എസ്.തുളസി വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത്.

Read More: ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം; വി മുരളീധരന് മറുപടിയുമായി സക്കറിയ

അസം മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. 2018 ഒക്ടോബര്‍ മൂന്നു മുതല്‍ 2019 നവംബര്‍ 17 വരെ ഇദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു.

വളരെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗൊഗോയ്. അയോധ്യ ഭൂമി തർക്ക കേസിൽ രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ആയിരിക്കെ രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീം കോടതിയിലെ ജീവനക്കാരി ലൈംഗിക ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് ചീഫ് ജസ്റ്റിസിനെതിരായ കേസ് പരിഗണിച്ച ബഞ്ചിൽ രഞ്ജൻ ഗൊഗോയിയും ഉണ്ടായിരുന്നു.

തനിക്കെതിരായ കേസ് രഞ്ജൻ ഗൊഗോയ് തന്നെ പരിഗണിച്ചതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗികാരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് പറഞ്ഞ് പരാതി തള്ളിക്കളയുകയാണ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ചെയ്‌തത്. ഏറെ വിവാദങ്ങളുണ്ടാക്കിയ റാഫേൽ ഇടപാട് കേസും പരിഗണിച്ചത് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook