ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ വിമത ശബ്ദമുയർത്തി സുപ്രീംകോടതി ജഡ്ജിമാർ രംഗത്ത് എത്തിയ സംഭവത്തിൽ ഇന്ന് പരിഹാരം കണ്ടേക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. ജസ്റ്റിസുമാർ പത്രസമ്മേളനം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അറ്റോര്‍ണി ജനറലും പത്രസമ്മേളനം വിളിച്ചു ചേർക്കാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും ഇതുപേക്ഷിച്ചു. ജസ്റ്റിസുമാരുടെ നടപടി ഭരണഘടനാ ബെഞ്ച് പരിശോധിക്കാനുള്ള നീക്കവും ചീഫ് ജസ്റ്റിസ് ഉപേക്ഷിച്ചു. സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിനാണ് ഇവരുടെ ശ്രമം.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സംഭവങ്ങൾക്കാണ് ഇന്നലെ സുപ്രീംകോടതിയും ജനങ്ങളും സാക്ഷിയായത്. നാല് കോടതികള്‍ നിര്‍ത്തിവച്ചാണ് ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ എന്നിവർ മാധ്യമങ്ങളെ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ