കൊല്‍ക്കത്ത: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം ഭരിക്കുന്ന ബിജെപി ബംഗാളിനെ പീഡിപ്പിക്കുകയാണെന്നും സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മമത പറഞ്ഞു. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരായ സിബിഐ നടപടിയിലായിരുന്നു മമതയുടെ പ്രതികരണം. രാജീവിന്റെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് തടഞ്ഞിരുന്നു. ബംഗാളിനെ ബിജെപി വേട്ടയാടുന്നുവെന്നും മമത പറഞ്ഞു.

സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി ധര്‍ണ ആരംഭിച്ചു. മെട്രോ ചാനല്‍ മേഖലയിലാണ് മമതയുടെ ധര്‍ണ. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ധര്‍ണ. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറും ഒപ്പമുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയതായിരുന്നു സിബിഐ ഉദ്യോഗസ്ഥര്‍.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളത്. താന്‍ നടത്തിയ റാലി കണ്ട് ബിജെപി വിറളി പിടിച്ചിരിക്കുകയാണ്. രാഷ്ട്രീയമായി തന്നെ നേടിരാന്‍ കഴിയാത്ത ബിജെപിയും മോദിയും തന്നെ നേരിടാന്‍ സിബിഐയെ ഉപയോഗിക്കുന്നു. അഞ്ച് വര്‍ഷം മുമ്പത്തെ കേസില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിബിഐ നടപടിയുമായെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും മമത പറഞ്ഞു.

‘ലോകത്തെ എറ്റവും മികച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍, ഞാന്‍ എന്റെ സേനയുടെ കൂടെയാണ് ‘ മമത പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനും കൊല്‍ക്കത്ത പോലിസ് കമ്മീഷണറുമായ രാജീവ് കുമാറിന്റെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് പിടികൂടുകയായിരുന്നു.

അതേസമയം, സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മമത പറഞ്ഞു. ഇത് അടിയന്തരാവസ്ഥയേക്കാള്‍ മോശമാണെന്നും മമത ആരോപിച്ചു. അജിത് ഡോവലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

രാജീവ് കുമാറിന്റെ ലൂദന്‍ സ്ട്രീറ്റിലെ വസതിയിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ കൊല്‍ക്കത്ത പൊലീസ് സിബിഐ ഉദ്യോഗസ്ഥരെ കമ്മീഷണറുടെ വീട്ടിന് പുറത്ത് തടഞ്ഞു. പൊലീസും സിബിഐയും തമ്മില്‍ കൈയാങ്കളി ആയതിന് പിന്നാലെ ചില സിബിഐ ഉദ്യോഗസ്ഥരെ ഷേക്‌സ്പിയര്‍ സരണി പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി. ഇതിന് പിന്നാലെ മമത ബാനര്‍ജി കമ്മീഷണറുടെ വീട്ടിലെത്തി.

പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ശാരദ, റോസ് വാല്ലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നേതൃത്വം നല്‍കിയ രാജീവ് കുമാറിനോട് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. ചിട്ട് ഫണ്ട് തട്ടിപ്പ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണത്തിന്റെ മേധാവിയായ രാജീവ് കുമാര്‍ അന്വേഷണം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook