ന്യൂഡല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ വിമര്‍ശിച്ച ബോളിവുഡ് താരം നസറുദ്ദീന്‍ ഷായ്ക്കെതിരായ വിവാദം നിലനില്‍ക്കെ പ്രതികരണവുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ന്യൂനപക്ഷങ്ങളെ എങ്ങനെ സേവിക്കണം എന്ന് മോദി സര്‍ക്കാരിന് താന്‍ കാണിച്ച് തരാമെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശം കിട്ടുന്നത് ഉറപ്പാക്കുമെന്ന് ഇമ്രാന് പറഞ്ഞു.
രാജ്യത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ വീക്ഷണവും ഇതായിരുന്നെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. ‘പുതിയ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരും തുല്യനീതി ലഭിക്കുന്നവരും ആണെന്ന് ഉറപ്പ് വരുത്തും. ന്യൂനപക്ഷങ്ങളെ എങ്ങനെ സേവിക്കണം എന്ന് മോദി സര്‍ക്കാരിന് കാണിച്ച് കൊടുക്കും. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ പറയുകയാണ് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശം നിഷേധിക്കപ്പെടുകയാണെന്ന്,’ നസറുദ്ദീന്‍ ഷായുടെ പരാമര്‍ശം സൂചിപ്പിച്ച് ഇമ്രാന് പറഞ്ഞു.
പശുക്കളെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് നടന്ന കലാപത്തില്‍ ഉത്തപ്രദേശിലെ ബുലന്ദ്ഷഹർ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട വിഷയത്തിലായിരുന്നു നസറുദ്ദീന്‍ ഷാ സംസാരിച്ചത്. ‘എനിക്ക് വല്ലാത്ത ആശങ്കയുണ്ട് എന്റെ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, എന്നാണ്. കാരണം, നാളെ ഒരു ആള്‍ക്കൂട്ടം വളഞ്ഞിട്ട് അവരോട് ‘ഹിന്ദുവാണോ മുസ്ലിം ആണോ’ എന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ ഒരു ഉത്തരമില്ല. അവസ്ഥകളില്‍ ഒരു മാറ്റവുമില്ലെന്നു കാണുമ്പോള്‍ എനിക്ക് ഭയമുണ്ട്.” നിലവിലെ അവസ്ഥകള്‍ കാണുമ്പോള്‍ ദേഷ്യം വരുന്നുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
“ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?” അദ്ദേഹം ചോദിച്ചു. “എനിക്കെന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ട്. അവര്‍ക്ക് മതമില്ല. എനിക്ക് മത വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്റെ ഭാര്യ രത്ന വളരെ സ്വതന്ത്രമായൊരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അവര്‍ക്ക് അതും ലഭിച്ചിട്ടില്ല’, ഷാ പറഞ്ഞു.