ന്യൂഡല്‍ഹി: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസം പിന്നിട്ടു. നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തന്റെ പത്മഭൂഷണ്‍ തിരികെ നല്‍കുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന രംഗത്തു വന്നു.

അഴിമതി വിരുദ്ധ സംഘടനകള്‍ സ്ഥാപിക്കുന്നതില്‍ നരേന്ദ്ര മോദിയുടെ ഭരണകൂടം പരാജയപ്പെട്ടുവെന്നും അതിനാല്‍ കേന്ദ്രത്തില്‍ ലോക്പാലും, സംസ്ഥാനങ്ങളില്‍ ലോകായുക്തയും രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ജന്‍ ആന്ദോളന്‍ സത്യാഗ്രഹ എന്ന പേരില്‍ ജനുവരി 30നാണ് തന്റെ ഗ്രാമമായ റലെഗാന്‍ സിദ്ധിയില്‍ അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്.

‘ഈ സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഞാനെന്റെ പത്മഭൂഷണ്‍ തിരികെ നല്‍കുന്നതായിരിക്കും. മോദി സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസം തകര്‍ത്തു,’ അണ്ണാ ഹസാരെ പറഞ്ഞു. 1992ലാണ് അണ്ണാ ഹസാരെയ്ക്ക് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുന്നത്.

നിരാഹാരം കിടന്ന് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി നരേന്ദ്ര മോദി ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ പറഞ്ഞിരുന്നു. ‘സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയ ഒരാള്‍ എന്ന നിലയിലായിരിക്കും ജനങ്ങള്‍ എന്നെ ഓര്‍ക്കുക. അല്ലാതെ എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കും,’ ഹസാരെ പറഞ്ഞു.

‘ലോക്പാല്‍ വഴി, ജനങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. അതുപോലെ ആരെങ്കിലും തെളിവുകള്‍ നല്‍കിയാല്‍ ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെല്ലാം എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് അവര്‍ക്കിതിനോട് താത്പര്യമില്ലാത്തത്. ഒരു പാര്‍ട്ടിക്കും ഇത് വേണ്ട. 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ പാസാക്കിയിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇനിയും അത് രൂപീകരിച്ചിട്ടില്ല,’ അണ്ണാ ഹസാരെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook