മുംബൈ: സത്യം പുറത്ത് വരുന്നത് വരെ ഗൗതം അദാനിയെക്കുറിച്ച് തന്റെ പാര്‍ട്ടി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ 85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ രാഹുലിന്റെ വാക്കുകള്‍.
സമ്പത്ത് വര്‍ധിപ്പിച്ച് അദാനി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ കുറിച്ച് പാർലമെന്റിൽ ചോദിച്ചപ്പോൾ ഞങ്ങളുടെ പ്രസംഗം മുഴുവനും ഒഴിവാക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
“എനിക്ക് അദാനിയോട് പറയാനുള്ളത്, നിങ്ങളുടെ കമ്പനി രാജ്യത്തെ മുറിവേല്‍പ്പിക്കുകയാണ്, രാജ്യത്തിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തട്ടിയെടുക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒരു കമ്പനിക്കെതിരെയായിരുന്നു. ആ കമ്പനി രാജ്യത്തിന്റെ സമ്പത്തും തുറമുഖങ്ങളും തട്ടിയെടുത്തു. ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ച് അണിനിരക്കും,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അദാനിയെച്ചൊല്ലിയുള്ള തർക്കം പാര്‍ലമെന്റില്‍ ഇത്തവണ രൂക്ഷമായിരുന്നു. അദാനി ഗ്രൂപ്പിനെതിരായ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ അംഗങ്ങൾ സംയുക്ത പാർലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയിലൂടെയുണ്ടായ നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ പാർട്ടി ഒരു പുതിയ പദ്ധതിക്ക് രൂപം നൽകണമെന്നും താനും രാജ്യവും മുഴുവൻ അതിൽ പങ്കാളികളാകുമെന്നും രാഹുല്‍ പറഞ്ഞു.