ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം നടത്തുക ലൈംഗിക ആരോപണ പരാതിയില്‍ അന്വേഷണം നടന്ന ശേഷമെന്ന് വിരമിച്ച ജസ്റ്റിസ് എ.കെ.പട്‌നായിക്. ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗിക പരാതിയില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമായിരിക്കും ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിഷയത്തില്‍ തന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുക എന്ന് ജസ്റ്റിസ് പട്‌നായിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സമയ പരിധി കല്‍പ്പിച്ചിട്ടില്ലെന്നും പട്‌നായിക് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ വ്യാജ കേസ് ചുമത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് ബെയിന്‍സാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. ഗൂഢാലോചന പരാതി അന്വേഷിക്കാന്‍ ജസ്റ്റിസ് എ.കെ.പട്‌നായിക്കിനെയാണ് നിയോഗിച്ചിരിക്കുന്നത്.

Read More: ജുഡീഷ്യറി വലിയ ഭീഷണി നേരിടുന്നു: ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അതേസമയം, ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവുണ്ട്. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. പരാതിക്കാരി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി.  ലൈംഗികാരോപണം അന്വേഷിക്കാനുള്ള ആഭ്യന്തര സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഉണ്ട്. മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ജസ്റ്റിസ് എന്‍.വി.രമണ പിന്മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്വേഷണ സംഘത്തിലെത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ആഭ്യന്തര സമിതിയുടെ തലവന്‍. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും സംഘത്തിലുണ്ട്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കൂടി എത്തിയതോടെ ആഭ്യന്തര സമിതിയില്‍ രണ്ട് വനിതാ ജഡ്ജിമാരായി.

Read More: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി മൂന്നംഗ സമിതി അന്വേഷിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സംഘത്തില്‍ നിന്ന് ജസ്റ്റിസ് എന്‍.വി.രമണ സ്വയം പിൻമാറിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച മുന്‍ ജീവനക്കാരി അന്വേഷണ സംഘത്തില്‍ ജസ്റ്റിസ് എന്‍.വി.രമണ ഉള്ളതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ജസ്റ്റിസ് രമണ അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയത്. ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജസ്റ്റിസ് രമണയെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനാണെന്നും അതിനാല്‍ അന്വേഷണ സംഘത്തില്‍ ജസ്റ്റിസ് രമണയുള്ളതില്‍ അതൃപ്തിയുണ്ടെന്നും പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook