ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആവശ്യമെങ്കിൽ മാത്രം മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഒരുദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം.
“ഞാൻ എപ്പോഴും സഹായിക്കാൻ തയ്യാറാണ്. എന്നാൽ അത് ഈ രണ്ടു പേരെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ തയ്യാറാണ്, സന്നദ്ധനാണ്, എനിക്കതിന് കഴിയുകയും ചെയ്യും. ഇരുവർക്കും അത് വേണമെങ്കിൽ ഞാൻ അത് ചെയ്യും,” പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പായി ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More: ഇവൻ ഭാഗ്യവാൻ; മോദിയെയും ട്രംപിനെയും ഒറ്റഫ്രെയിമിലാക്കി കൊച്ചുമിടുക്കൻ
“പ്രധാനമന്ത്രി മോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്, പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായും എനിക്ക് അടുപ്പമുണ്ട്. ഒരു മദ്ധ്യസ്ഥനെന്ന നിലയിൽ ഞാൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഇതിന് മുമ്പും ഞാൻ മധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ മറുവശത്തുള്ളവർ എന്നോട് ആവശ്യപ്പെടേണ്ടതുണ്ട്,” ട്രംപ് പറഞ്ഞു.
ഇരുപക്ഷവും ആവശ്യപ്പെട്ടാൽ മാത്രമേ താൻ സഹായിക്കൂ എന്ന് പാകിസ്ഥാൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് യുഎസ് പ്രസിഡന്റ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് അദ്ദേഹത്തിന്റെ നിലപാടാണ്. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ പ്രസ്താവന ഇന്ത്യ നിഷേധിക്കുകയായിരുന്നു.
“തീവ്രവാദത്തിനെതിരായ നിർണായക പോരാട്ടത്തിന്” ആഹ്വാനം ചെയ്യുന്നതിനിടെ, ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ മോദി പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച സംഭവത്തെ കുറിച്ചും ട്രംപ് പരാമർശിച്ചു.
“ഇന്ത്യയുടെ ഭാഗത്ത് നിന്ന് വളരെ ആക്രമണോത്സുകമായ ഒരു പ്രസ്താവന ഇന്നലെ ഞാൻ കേട്ടു. ഞാൻ അവിടെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയിൽ നിന്നോ ഇന്ത്യയുടെ ഭാഗത്തു നിന്നോ അത്തരത്തിലൊരു പ്രസ്താവന ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. 50,000 ആളുകളുള്ള ഒരു വലിയ മുറിയായിരുന്നു അത്. അവർക്കിടയിൽ അത് വലിയ സ്വീകാര്യത നേടി.കാര്യങ്ങൾ ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ട്രംപ് പറഞ്ഞു.
സ്വന്തം രാജ്യത്തെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത ചില ആളുകൾക്കിടയിൽ ഇന്ത്യയുടെ അതിരുകൾക്കുള്ളിലെ പ്രവർത്തനങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞിരുന്നു. “ഈ ആളുകൾ” ഭീകരതയെ പിന്തുണയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കശ്മീരിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ: “എല്ലാവരോടും നല്ല രീതിയിൽ പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കൂടുതൽ മനുഷ്യത്വപരമായിരിക്കണം.” പാകിസ്താൻ തീവ്രവാദ കേന്ദ്രമായി മാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അതിന് പകരം ട്രംപ് ഇറാനേയും ടെഹ്റാനേയും വിമർശിക്കുകയാണ് ചെയ്തത്.