ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച രേഖകളെല്ലാം പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീം കോടതിയില്‍ വാദിച്ചതിന് പിന്നാലെ, രേഖകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ദി ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പിന്റെ തലവന്‍ എന്‍.റാം നിലപാട് വ്യക്തമാക്കുന്നു.

‘ഞങ്ങള്‍ പ്രസിദ്ധീകരിച്ചതെല്ലാം പൊതുജന താത്പര്യത്തില്‍ തീര്‍ത്തും നീതീകരിക്കപ്പെട്ടതാണ്,’ റാം പറഞ്ഞു. തങ്ങള്‍ രേഖകള്‍ മോഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം, സുപ്രീം കോടതി നടപടികളെ കുറിച്ച് അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല.
തങ്ങള്‍ പ്രസിദ്ധീകരിച്ചത് മോഷ്ടിച്ച രേഖകളാണെന്ന വാദം തെറ്റാണെന്നും അതേസമയം ആരാണ് തങ്ങള്‍ക്ക് രേഖകള്‍ തന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ വാര്‍ത്തയുടെ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്. ഭൂമിയിലെ ഒരു ശക്തിക്കും അക്കാര്യത്തില്‍ ഞങ്ങളുടെ മനസ് മാറ്റാന്‍ സാധിക്കില്ല,’ റാം പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ക്കും രേഖകള്‍ക്കുമായി പണമോ മറ്റെന്തെങ്കിലുമോ നല്‍കേണ്ടി വന്നിട്ടില്ലെന്നും, തീര്‍ത്തും പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപക്ഷെ നിയമപ്രകാരം അത് മോഷ്ടിക്കപ്പെട്ട രേഖകള്‍ ആയിരിക്കാം, അല്ലെങ്കില്‍ അതിലേക്കുള്ള പ്രവേശനം അനധികൃതമായിരിക്കാം. എന്നാല്‍ അങ്ങനെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. അത് അന്വേഷണ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്,’ അദ്ദേഹം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ