ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന രീതി അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ത്രിഭാഷാ പഠനം തമിഴ്നാട്ടിൽ നടപ്പാക്കാനാകില്ലെന്നും ഇക്കാര്യം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദ്വിഭാഷാ സംവിധാനവും, ഭാഷ തിരഞ്ഞെടുക്കാൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അവകാശവും നിലനിർത്തണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടു.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ അണ്ണാദുരൈയും എംജിആറും ജയലളിതയും നടത്തിയ പ്രതിഷേധം മറക്കാനാവില്ലെന്ന് ഓർമ്മിപ്പിച്ച പളനിസ്വാമി ത്രിഭാഷാ പഠന സംവിധാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതുമെന്ന് വ്യക്തമാക്കി.

Read More: ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ ഫെഡറൽ ഘടനയെ തകർക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി

ത്രിഭാഷാ പഠനരീതിയെ ചൊല്ലി അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എടപ്പാടി പളനിസാമിയുടെ പ്രതികരണം. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ പുതിയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്ന് ചൂണ്ടികാട്ടി ദ്രാവിഡ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതിനിടയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം 2020നെതിരേ വിമർശനവുമായി കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും രംഗത്തെത്തിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ഗൗരവമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ വിദ്യാഭ്യാസ നയം ഈ രംഗത്തെ ഫെഡറൽ സ്വഭാവത്തെ തകർത്ത് കേന്രീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോത്താരി കമ്മീഷൻ മുന്നോട്ടു വച്ചതും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്ത അക്കാദമിക ഘടനയായ പത്താം ക്ലാസുവരെയുള്ള പൊതുപഠനവും തുടർന്ന് പന്ത്രണ്ടാം ക്ലാസുവരെ വിവിധ ഗ്രൂപ്പുകളായുള്ള പഠനവും എന്നത് ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങൾ പാടെ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നത്.

Read in English: Will not allow 3-language formula in Tamil Nadu: CM on National Education Policy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook