ലണ്ടൻ: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി സമർപ്പിച്ച രണ്ടാമത്തെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ചില രസകരമായ ചോദ്യങ്ങളാണ് ജഡ്ജിയുടെ ഭാഗത്ത് നിന്നുണ്ടായത്. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയാൽ വിജയ് മല്യയുടെ അതേ സെല്ലിലായിരിക്കുമോ പാർപ്പിക്കുക എന്നായിരുന്നു വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ചീഫ് മജിസ്ട്രേറ്റ് എമ്മ അർബതനൗട് പ്രോസിക്യൂഷനോട് ചോദിച്ചത്.
കഴിഞ്ഞ വർഷം വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ഉത്തരവിട്ടതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അർബതനൗട്ടിന്റെ പരാമർശം. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 2018 ജനുവരിയിൽ നീരവ് മോദി രാജ്യം വിട്ടത്.
Read: ഇന്ത്യ തിരയുന്ന നീരവ് മോദി ലണ്ടനിൽ; വീഡിയോ പുറത്ത്
നീരവ് മോദിയെ ഇന്ത്യക്കു കൈമാറിയാൽ വിജയ് മല്യയെ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന ആർതർ റോഡ് ജയിലിൽ ആയിരിക്കുമോ മോദിയെയും പാർപ്പിക്കുകയെന്നും, വിജയ് മല്യയുടെ അതേ സെല്ലിലായിരിക്കുമോ പാർപ്പിക്കുകയെന്നും, അവിടെ സ്ഥലമുണ്ടാകുമോയെന്നും ജഡ്ജി ചോദിച്ചു. വിജയ് മല്യയെ കൈമാറിയാൽ മുംബൈയിലെ അതീവ സുരക്ഷയിലുളള ആർതർ റോഡ് ജയിലിൽ ആയിരിക്കും മല്യയെ പാർപ്പിക്കുകയെന്നാണ് കേസ് പരിഗണിക്കവെ യുകെ കോടതിയെ ഇന്ത്യ അറിയിച്ചത്. മല്യയെ പാർപ്പിക്കുന്ന സെല്ലിന്റെ വീഡിയോയും കോടതിക്ക് മുൻപാകെ ഇന്ത്യ സമർപ്പിച്ചിരുന്നു.
Read: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും; ബ്രിട്ടന്‍ ഉത്തരവ് അംഗീകരിച്ചു
കോടികളുടെ വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ വിട്ടുകിട്ടിയാൽ, അദ്ദേഹത്തെ താമസിപ്പിക്കുന്നതിന് ആർതർ റോഡിലെ സെൽ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. 9,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ രാജ്യം വിട്ടത്. മല്യയെ ഇന്ത്യക്കു കൈമാറാൻ യുകെ കോടതി വിധിച്ചിരുന്നു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഉത്തരവ് അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെ മല്യ യുകെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.