ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തില്‍ കാശ്മീരികള്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളായിരുന്നു സിഖ് സംഘടനകള്‍ ചെയ്തത്. താമസസൗകര്യം, ഭക്ഷണം, വിദ്യാഭ്യാസം, യാത്ര, വസ്ത്രം എന്നിവയൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിഖുകാര്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സൗജന്യമായി രാജ്യത്ത് പലയിടത്തും ഒരുക്കിയത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താമസസൗകര്യം നിഷേധിക്കപ്പെട്ട കശ്മീരികള്‍ക്ക് പലയിടത്തും ഗുരുദ്വാരകളിലാണ് താമസമൊരുക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സിഖ് സമൂഹം നല്‍കുന്ന സൗജന്യ പരിശീലന ക്ലാസുകള്‍ തന്നെ പ്രചോദിപ്പിച്ചതായി കശ്മീരിലെ അനന്ത്നാഗിലുളള പരിശീലന കേന്ദ്രം ഉടമ പീര്‍സാദ ഹുസൈന്‍ പറഞ്ഞു. ‘പഞ്ചാബിലെ മൊഹാലിയിലും ജമ്മുവിലും സിഖ് സമൂഹം ചെയ്ത കാര്യങ്ങളില്‍ എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ ഇത് ഒരിക്കലും മറക്കില്ല. അവര്‍ കശ്മീരില്‍ വളരെ ന്യൂനപക്ഷമാണ്. നമ്മുടെ തന്നെ അകത്തുളള ആളുകളായി നമ്മള് കശ്മീരികള്‍ അവരെ പരിഗണിക്കണം,’ ഹുസൈന്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ നിരവധി കശ്മീരികളാണ് സിഖ് സമൂഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. അതേസമയം മജീദ് മിര്‍ എന്ന വസ്ത്ര വ്യാപാരി സിഖ് സമൂഹത്തിന് മുമ്പില്‍ ഒരു വാഗ്ദാനമാണ് വെച്ചത്. തന്റെ കടയില്‍ വസ്ത്രം വാങ്ങാന്‍ വരുന്ന സിഖുകാര്‍ക്ക് ഏപ്രില്‍ മാസം വരെ 30 ശതമാനം വിലക്കിഴിവില്‍ വസ്ത്രം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘മതത്തിനും മുകളിലാണ് മനുഷ്യത്വം. യാതൊരു തെറ്റും ചെയ്യാത്ത കുട്ടികള്‍ നാട് വിടാന്‍ ഒരുങ്ങിയപ്പോഴാണ് അവര്‍ സഹായിച്ചത്. മറക്കാന്‍ കഴിയുന്നതല്ല സിഖുകാര്‍ ചെയ്തത്,’ മജീദ് പറഞ്ഞു.

അതേസമയം ശ്രീനഗറില്‍ നിന്നുളള അഹമ്മദ് ദര്‍ എന്ന അഭിഭാഷകന്‍ ന്യൂനപക്ഷക്കാര്‍ക്ക് സൗജന്യമായി നിയമോപദേശം കൊടുക്കുമെന്ന് പ്രഖ്യാപിച്ചു.. പാവപ്പെട്ടവരെ സഹായിക്കുന്ന സിഖുകാരുടെ ഖല്‍സ എയ്ഡ് സംഘടന സാഹോദര്യത്തിന്റെ കണ്ണാടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനഗറിലെ അല്‍-അസീസിയ ഹോട്ടല്‍ ഉടമ മുഷ്താഖ് അയ്യൂബ് സിഖുകാര്‍ക്ക് സൗജന്യ താമസ സൗകര്യം ആണ് പ്രഖ്യാപിച്ചത്. ‘ധൈര്യശാലികളായ സിഖുകാരെ ഞാന്‍ ഇവിടേക്ക് ക്ഷണിക്കുന്നു. ഒറ്റ പൈസ മുടക്കാതെ അവര്‍ക്ക് എന്റെ ഹോട്ടലില്‍ താമസിക്കാം,’ മുഷ്താഖ് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സംഘപരിവാര്‍ അടക്കമുളള സംഘടനകളില്‍ നിന്ന് ഭീഷണി നേരിട്ട കശ്മീരികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയാണ് സിഖ് വംശജര്‍ കശ്മീരികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചത്. സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റുകള്‍ വഴിയും സൗജന്യമായി താമസവും ഭക്ഷണവും ലഭ്യമാകുന്ന സിഖ് ഗുരുദ്വാരകളുടെ വിവരങ്ങള്‍ പങ്ക് വെച്ചാണ് സിഖ് വംശജര്‍ കശ്മീരികള്‍ക്ക് സഹായവുമായി രംഗത്ത് വന്നത്.

കനത്ത മഞ്ഞ് വീഴ്ച്ചയും മോശം കാലാവസ്ഥയും കാരണം കശ്മീരിനകത്തേക്കോ കശ്മീരില്‍ നിന്നും പുറത്തേക്കോ ആര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിഖ് വംശജര്‍ സഹായവുമായി രംഗത്ത് വന്നത്. എവിടെയെങ്കിലും പെട്ടുപോയ കാശ്മീരികള്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും സമീപത്തുള്ള ഗുരുദ്വാരകളില്‍ അഭയം തേടാം എന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ