ന്യൂഡൽഹി: ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ വിവാഹം ചെയ്തു തരാൻ മാതാപിതാക്കൾ വിസമ്മതിച്ചാൽ അവളെ തട്ടിക്കൊണ്ടുവന്ന് വിവാഹം നടത്തിത്തരുമെന്ന് ബിജെപി എംഎൽഎ. മഹാരാഷ്ട്രയിലെ സുബർബാൻ ഗാട്കോപറിൽനിന്നുളള എംഎൽഎയായ റാം കടമാണ് തന്റെ നിയോജക മണ്ഡലത്തിൽ നടന്ന പരിപാടിയിൽവച്ച് യുവാക്കളോടായി ഇങ്ങനെ പറഞ്ഞത്.

”യുവാക്കൾക്ക് എന്തു കാര്യത്തിനുവേണ്ടിയും എന്റെ അടുത്തക്ക് വരാം. നിങ്ങളെ 100 ശതമാനം ഉറപ്പായും ഞാൻ സഹായിക്കും. പ്രണയ വിവാഹത്തിന് സഹായിക്കണം എന്നാവശ്യവുമായി നിരവധി യുവാക്കൾ എന്റെ അടുത്ത് വരുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെയും കൂട്ടി എന്റെ അടുത്ത് വരിക. മാതാപിതാക്കൾ സമ്മതിച്ചില്ലെങ്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും”, റാം കടം പറഞ്ഞു.

അവിടെ കൂടിയിരുന്നവർക്ക് തന്റെ മൊബൈൽ നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു എംഎൽഎ. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നാണ് എംഎൽഎ വിശദീകരിച്ചത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ എംഎൽഎയ്ക്കെതിരെ പ്രതിപക്ഷവും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും വിമർശനവുമായി രംഗത്തെത്തി. ഒരു എംഎൽഎ ഇങ്ങനെ പറഞ്ഞതിൽ താൻ ലജ്ജിക്കുന്നുവെന്നാണ് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞത്. പെൺകുട്ടികളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് എംഎൽഎയുടെ പ്രസ്താവന. അദ്ദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook