ലക്‌നൗ: ഗംഗാ നദിയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബിഎസ്പി നേതാവ് മായാവതി. ‘തിരഞ്ഞെടുപ്പു വാഗ്‌ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും, മറ്റും മോദി രാജ്യത്തെ ജനങ്ങളോട് ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതുകൊണ്ട് തീരുമോ?’ എന്നാണ് മായാവതിയുടെ ചോദ്യം. കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മായാവതിയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് മായാവതി ചോദ്യമുയര്‍ത്തിയത്.

ഞായറാഴ്ച മോദി പ്രയാഗ് രാജ് സന്ദര്‍ശിക്കുകയും ഗംഗം, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. സഹീ സ്നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയുമെന്നാണ് വിശ്വാസം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി പറഞ്ഞു.

‘നോട്ടുനിരോധനം, ജിഎസ്ടി, ജാതീയത, വര്‍ഗീയ, സ്വേച്ഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബിജെപിക്ക് ജനങ്ങള്‍ അത്ര എളുപ്പത്തില്‍ മാപ്പു നല്‍കാനുള്ള സാധ്യതയില്ല’ മായാവതി കുറിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമാന്‍ നിധി പദ്ധതി കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും മായാവതി പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുകയെന്നതാണ് കര്‍ഷകരുടെ ആവശ്യമെന്നും മായാവതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook