ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ബിജെപിയെ പേടിയാണെന്നും സംസ്ഥാനത്ത് റാലി നടത്തുന്നതിന് പാർട്ടിക്ക് അനുമതി നൽകാതിരുന്നത് അതുകൊണ്ടാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. റാലികൾ ഉപേക്ഷിച്ചിട്ടില്ലെന്നും തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ റാലികൾ നടത്തുമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ ജനസ്വാധീനം തന്റെ ഭരണത്തിന് വെല്ലുവിളി ഉയർത്തുമോയെന്ന് മമത ബാനർജി ഭയക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ച മമതയ്ക്ക് തടയാനാകില്ലെന്നും ഷാ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ പശ്ചിമ ബംഗാൾ മുന്നിലെത്തിയത് മമതയുടെ ഭരണം തുടങ്ങിയ ശേഷമാണെന്നും ഷാ ആരോപിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമം വർധിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗവും പിന്നോട്ടുപോയി. സംഭാവന നൽകാതെ വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത സ്ഥിതിയാണ് ബംഗാളിൽ ഉളളതെന്നും ഷാ പറഞ്ഞു. മാഫിയ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും ഷാ ആരോപിച്ചു.

അമിത് ഷായുടെ രഥയാത്രയ്ക്ക് കൽക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. രഥയാത്ര സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുമെന്ന് സംസ്ഥാന സർക്കാർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കോടതി അനുമതി നിഷേധിച്ചത്. അറ്റോർണി ജനറൽ കിഷോർ ദത്തയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ഡിസംബർ ഏഴ് മുതൽ ബംഗാളിൽ മൂന്ന് റാലികൾ നടത്താനുളള അപേക്ഷയുടെ കാര്യത്തിൽ ബംഗാൾ ഭരണകൂടവും പൊലീസും ഇതുവരെ മറുപടി നൽകിയില്ലെന്ന് കാണിച്ച് ഇന്നലെ ബിജെപി കോടതിയെ സമീപിച്ചിരുന്നു. അതിന് നൽകിയ മറുപടിയിലാണ് അറ്റോർണി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019 ജനുവരി 9 വരെ ഒരു റാലിയും സംസ്ഥാനത്ത് നടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്.

മൂന്ന് രഥയാത്രകൾ ഉൾപ്പെടുത്തി ബിജെപി സംഘടിപ്പിക്കുന്ന “ജനാധിപത്യ സംരക്ഷണ റാലി” വെളളിയാഴ്ച ആരംഭിക്കാനാണ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ നിന്നും ഡിസംബർ ഏഴിന് ക്യാംപെയിൻ ആരംഭിക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. സൗത്ത് 24 പർഗാനയിലെ കക്ദ്വീപിൽ നിന്നും ഡിസംബർ ഒമ്പതിനും ബിർബൂം ജില്ലയിലെ താരാപിഠ് ക്ഷേത്രത്തിൽ നിന്നും ഡിസംബർ 14 നുമാണ് മറ്റ് യാത്രകൾ തീരുമാനിച്ചിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ