നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വ്യാവസായിക മേഖലയെ ആശങ്കയിലാക്കി യുപി പൊലീസിന്റെ ഉത്തരവ്. പാര്‍ക്കുകള്‍ പോലെയുളള പൊതു ഇടങ്ങളില്‍ മുസ്‌ലിം തൊഴിലാളികള്‍ നിസ്കരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ആയിരിക്കുമെന്ന് പൊലീസ് അറയിച്ചു. നോയിഡയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉത്തരവ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ ഏറെയുളള സെക്ടര്‍ 58 പ്രദേശത്തും ഉത്തരവ് നല്‍കിയിട്ടുണ്ട്. മുസ്‌ലിം ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ അതിന് കമ്പനികള്‍ ബാധ്യസ്ഥരായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് ഉത്തരവില്‍ വ്യക്തത തേടി കമ്പനികള്‍ നോയിഡയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ തങ്ങള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികളുടെ സംശയം. അതേസമയം ഉത്തര്‍പ്രദേശിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ ഭീതി പരത്താനുളള നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സാമുദായിക ഐക്യം തകരാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് നോയിഡ പൊലീസ് അറിയിക്കുന്നത്. പ്രത്യേകിച്ച് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഈ നീക്കമെന്നും പൊലീസ് അറിയിക്കുന്നുണ്ട്. ‘പ്രദേശത്തെ കമ്പനികളിലുളള മുസ്‌ലിം ജീവനക്കാര്‍ പാര്‍ക്കുകളിലും മറ്റും നിസ്കരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് വെളളിയാഴ്ചകളിലാണ് നിസ്കരിക്കുന്നത്. പളളികളിലോ തങ്ങളുടെ ഓഫീസ് പരിസരത്തോ വച്ച് നിസ്കാരം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,’ നോയിഡ പൊലീസ് അറിയിച്ചു.

‘നേരത്തേ പത്തും പതിനഞ്ചും പേര്‍ മാത്രം പാര്‍ക്കുകളില്‍ നിസ്കരിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്ന് പരാതി കിട്ടിയിട്ടുണ്ട്. പലരും സമീപത്തെ കമ്പനികളില്‍ ജോലി ചെയ്യാത്തവരും ആണ്,’ പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ