ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. തീരുമാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഒമര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം ഏകപക്ഷീയവും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഒമറിനെ ഇന്നലെ അര്‍ധ രാത്രി വീട്ടുതടങ്കലിലാക്കിയിരുന്നു.
കശ്മീര്‍ ജനത ഇന്ത്യയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസമാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നും കശ്മീരിലെ ജനങ്ങളോടുള്ള ദേഷ്യമാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. നിര്‍ണായകമായ ഒന്നും നടപ്പിലാക്കുന്നില്ലെന്ന് തങ്ങളോട് കേന്ദ്രം നുണപറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു.
Read More: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ദീര്‍ഘവും കഠിനവുമായി പോരാട്ടമാണ് മുന്നിലുള്ളതെന്നും തങ്ങള്‍ അതിന് തയ്യാറാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറയുന്നു. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം.
Also Read: Explained: ശ്യാമപ്രസാദ് മുഖര്‍ജിയും കശ്മീരുമായുള്ള ബിജെപിയുടെ ‘വൈകാരിക ബന്ധ’വും
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.
ജമ്മു കശ്മീരിനുള്ള 35 എ അധികാരവും റദ്ദാക്കിയിട്ടുണ്ട്. നിയമസഭയ്ക്ക് പ്രത്യേക പദവി നല്‍കുന്നതാണ് 35 എ അനുച്ഛേദം. ആര്‍ട്ടിക്കള്‍ 370 നോട് ചേര്‍ന്നുള്ള അനുച്ഛേദമാണ് ഇത്. രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇതും റദ്ദാക്കിയിരിക്കുന്നത്.