ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എ സംഗീത് സോം നടത്തിയ താജ്മഹല്‍ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. താജ്മഹല്‍ സന്ദര്‍ശിക്കരുതെ വിനോദസഞ്ചാരികളോട് സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. സംഗീത് സോം പറയുന്ന ഇതേ ‘രാജ്യദ്രോഹി’ തന്നെയാണ് ചെങ്കോട്ട നിര്‍മ്മിച്ചതെന്നും പ്രധാനമന്ത്രി അവിടെ പോയി പ്രസംഗിക്കുന്നത് നിർത്തുമോ എന്നും അദ്ദേഹം ചോദിച്ചു.

ഡൽഹിയിലെ ഹൈദരാബാദ് ഹൗസും നിർമിച്ചത് സംഗീത് സോം പറഞ്ഞ രാജ്യദ്രോഹികളാണ്. വിദേശത്തു നിന്നും വരുന്ന അതിഥികൾക്ക് ഹൈദരാബാദ് ഹൗസിൽ വിരുന്ന് നൽകുന്നത് നിർത്താൻ പ്രധാനമന്ത്രി തയാറാകുമോ എന്നും ഒവൈസി ചോദിച്ചു.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു ബിജെപി നേതാവ് സംഗീത് സോം പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്‌മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് സോം ചോദിച്ചു. താജ്മഹല്‍ നിർമിച്ച ഷാജഹാന്‍ ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണെന്നും ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അത് വളരെ സങ്കടമാണെന്നും ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം അറിയിച്ചു.

അടുത്തിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്‌ലെറ്റ് പുറത്തിറക്കിയത്. ഇതില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്‌കാരവുമായി താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യനാഥും നിലപാടെടുത്തിരുന്നു. വിദേശ രാജ്യത്തുനിന്ന് എത്തുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ രൂപം നല്‍കുന്നതും യോഗി എതിര്‍ത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ