മുംബൈ: “ഞാൻ വീട്ടിൽ പോയി കുടുംബം നോക്കി ജീവിച്ചോളാം,” ഇതായിരുന്നു അജ്മൽ കസബ് എന്ന ഭീകരന്റെ മറുപടി. വെറുതെ വിട്ടയച്ചാൽ എന്ത് ചെയ്യുമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യത്തോടായിരുന്നു അയാൾ ഇത് പറഞ്ഞത്.
കസബിനെ ചോദ്യം ചെയ്ത ചുരുക്കം ഓഫീസർമാരിൽ ഒരാളായ ബ്രിഗേഡിയർ ഗോവിന്ദ് സിങ് സിസോദിയയാണ് ഇക്കാര്യം പറഞ്ഞത്. എൻഎസ്‌ജി ഡിഐജി ആയിരുന്ന സിസോദിയ മുംബൈ ഭീകരാക്രമണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം കസബിനെ ചോദ്യം ചെയ്തിരുന്നു. 45 മിനിറ്റോളമാണ് ചോദ്യം ചെയ്തത്.
“മാതാപിതാക്കളെ കുറിച്ച് പറഞ്ഞപ്പോൾ മാത്രമാണ് അവൻ വികാരഭരിതനായത്,” സിസോദിയ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞതായി അവർ റിപ്പോർട്ട് ചെയ്യുന്നു. “അവന്റെ പക്കൽ നിന്ന് വിവരങ്ങൾ ലഭിക്കുക എളുപ്പമാകില്ലെന്ന മുൻധാരണയോടെയാണ് ഞാൻ ചോദ്യം ചെയ്യൽ മുറിയിലേക്ക് പോയത്. അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്റെ ചോദ്യങ്ങൾ. എവിടെയാണ് പരിശീലനം ലഭിച്ചത്, എന്തായിരുന്നു പരിശീലനം, എന്തായിരുന്നു ആക്രമണത്തിന്റെ പ്രേരണ തുടങ്ങിയ കാര്യങ്ങളായിരുന്നു ചോദ്യങ്ങൾ. തുടക്കത്തിൽ ഞാൻ അവനോട് ഹിന്ദിയിലും ഉറുദുവിലുമാണ് സംസാരിച്ചത്. പക്ഷെ അവന് കുറേക്കൂടി സൗകര്യപ്രദമാവുക മാതൃഭാഷയായ പഞ്ചാബിയാകുമെന്ന് കരുതി പിന്നീട് ആ ഭാഷയിൽ സംസാരിച്ചു. വിട്ടയച്ചാൽ എന്തു ചെയ്യുമെന്ന് ഞാൻ അവനോട് ചോദിച്ചു. വീട്ടിൽ പോയി മാതാപിതാക്കളെ സംരക്ഷിച്ച് ജീവിക്കും എന്നായിരുന്നു മറുപടി. അതവൻ വൈകാരികമായാണ് പറഞ്ഞത്. അതെന്റെ ഹൃദയത്തിൽ തൊട്ടു,” സിസോദിയ അഭിമുഖത്തിൽ പറഞ്ഞു.
പൂനെയിലെ യെർവാഡ ജയിലിൽ വച്ചാണ് കസബിനെ തൂക്കിലേറ്റിയത്. രാഷ്ട്രപതിയായ പ്രണബ് കുമാർ മുഖർജി ഇയാളുടെ ദയാഹർജി തളളിയതോടെയാണ് വധം നടപ്പിലാക്കിയത്.
ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണമാണ് 2008 നവംബർ 26 ന് മുംബൈയിൽ നടന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ജീവനോടെ പിടിയിലായത് അജ്‌മൽ കസബ് മാത്രമായിരുന്നു.