ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനം ഉയര്‍ന്ന് 1.01 ബില്യണ്‍ സ്വിസ് ഫ്രാന്‍സ് (7,000 കോടി രൂപ) ആയി വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. 2019 സാമ്പത്തിക വര്‍ഷത്തോടെ സ്വിസ് ബാങ്കില്‍ നിക്ഷേപമുളള എല്ലാവരുടേയും വിവരങ്ങള്‍ ഇന്ത്യ കരസ്ഥമാക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
‘നിക്ഷേപം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യ നേടും. ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കും. രാജ്യത്തിന് പുറത്ത് ഇപ്പോള്‍ പണം സൂക്ഷിക്കാനുളള ധൈര്യം ആര്‍ക്കുമില്ല. സര്‍ക്കാരിന്റെ കഠിനാധ്വാനം കൊണ്ടാണ് അത് സംഭവിച്ചത്’, കേന്ദ്രമന്ത്രി പറഞ്ഞു.
2017ലെ കണക്കുകളാണ് കഴിഞ്ഞ ദിവസം സ്വിസ് ദേശീയ ബാങ്ക് പുറത്തുവിട്ടത്. 2017 വർഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തിൽ 3 % വളർച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണൽ ബാങ്ക് പുറത്തിറക്കിയ കണക്കിൽ പറയുന്നു.
കള്ളപ്പണ വേട്ട ‘കള്ളം’; സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വര്‍ധിച്ച് 7000 കോടിയായി
വിദേശത്ത് ഇന്ത്യക്കാര്‍ക്കുളള കള്ളപ്പണ നിക്ഷേപം തകര്‍ത്തു തരിപ്പണമാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനിടെയാണ് ഇതിനെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സിംഗപ്പൂർ, ഹോങ്കോങ് ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക ഇടങ്ങൾ പരിഗണിക്കുമ്പോൾ സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർക്ക് നിക്ഷേപം കുറവാണെന്ന് സ്വിസ് പ്രൈവറ്റ് ബാങ്കുകളുടെ അസോസിയേഷൻ പറയുന്നത്.
2015 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 8392 കോടി രൂപ നിക്ഷേപമാണ് ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കുകളിലുണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത വർഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. 1987ൽ ഇടപാട് വിവരങ്ങൾ സ്വിസ് ബാങ്കുകൾ പരസ്യമാക്കിയതിന് ശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപമായിരുന്നു ഇത്. എന്നാൽ 2017ലെത്തിയപ്പോൾ ഇത് 7000 കോടിയായി വർദ്ധിക്കുകയായിരുന്നു.