ഷിംല: ഊട്ടി കുനൂരിന് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പാര കമാന്‍ഡൊ ലാന്‍സ് നായ്ക് വിവേക് കുമാറിന്റെ മൃതദേഹം വൈകാരിക നിമിഷങ്ങള്‍ക്കിടയിലാണ് ഇന്നലെ സംസ്കരിച്ചത് അദ്ദേഹത്തിന്റെ ഇളയ സഹോദരൻ സുമിത് കുമാറായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.
വിവേക് കുമാറിന്റെ ഭാര്യ പ്രിയങ്ക വധുവിന്റെ വേഷം ധരിച്ചായിരുന്നു ശ്മശാനത്തിൽ എത്തിയത്. “മേരാ ഫൗജി അമേർ രഹേ” (എന്റെ സൈനികന് മരണമില്ല) എന്ന മുദ്രാവാക്യം അവര്‍ മൂന്ന് തവണ വിളിച്ചു. അവിടെയുണ്ടായിരുന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തിയ നിമിഷമായിരുന്നു അത്.
“എന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. ഏഴ് മാസം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അതെല്ലാം ഞാന്‍ സാക്ഷാത്കരിക്കും,” വിവേകിന്റെ ഭാര്യ പ്രിയങ്ക പറഞ്ഞു.
മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഗഗ്ഗല്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയായിരുന്നു വിവേക് കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകളും നിരവധി വാഹനങ്ങളും ഗഗ്ഗൽ വിമാനത്താവളത്തിൽ നിന്ന് അന്ത്യയാത്രയില്‍ പങ്കുചേര്‍ന്നു.
കുടുംബത്തിലെ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് വിവേകിന്റെ മാതാവ് സര്‍ക്കാരിനോട് അപേക്ഷിച്ചു. വിവേകിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം ഉടനടി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു