scorecardresearch

Latest News

നൂറ് ദിവസമല്ല, നൂറ് മാസമായാലും ഈ പോരാട്ടത്തിൽ കർഷകർക്കൊപ്പം: പ്രിയങ്ക ഗാന്ധി

കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കർഷകർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാണ് അവർ അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതെന്നും പ്രിയങ്ക ചോദിച്ചു

priyanka gandhi, congress, ie malayalam

മീററ്റ്: നൂറ് ദിവസം അല്ല നൂറ് മാസങ്ങള്‍ എടുത്താലും കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ താന്‍ കര്‍ഷകരോടൊപ്പമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“ആരും പ്രതീക്ഷ കൈവിടരുത്. നൂറ് ആഴ്ചകളോ നൂറ് മാസങ്ങളോ പിന്നിട്ടാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ നാം പോരാടും. അതിന് മുഴുവൻ പിന്തുണയും കോൺഗ്രസ് നൽകും. രാജ്യത്ത് കാർഷിക വായപ 15000 കോടി കടന്നിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണോ അതോ ജനങ്ങൾക്കെതിരെയാണോ പ്രവർത്തിക്കുന്നതെന്നത് എല്ലാവരും മനസിലാക്കണം. കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കർഷകർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാണ് അവർ അതിർത്തിയിൽ പ്രതിഷേധം നടത്തുന്നത്,” പ്രിയങ്ക ചോദിച്ചു.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ അതോ മോദിയുടെ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണോ നിര്‍മ്മിച്ചതെന്ന് പ്രിയങ്ക വിമർശിച്ചു. കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെങ്കില്‍ അവര്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലല്ലോയെന്നും പ്രിയങ്ക പറഞ്ഞു.

Read More: രാജ്യത്ത് പുതിയ കോവിഡ് തരംഗത്തിന്റെ ആശങ്ക പടർത്തി രോഗബാധകൾ വർധിക്കുമ്പോൾ

അതേസമയം, വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. സിംഗുവിൽ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെഎഫ്സി ചൗകിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് വനിതകളുടെ മാർച്ചും നടക്കും. പന്ത്രണ്ടാം തീയതി മുതൽ ബിജെപിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി കർഷക നേതാക്കൾ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും.

2020 സെപ്റ്റംബര്‍ 17 നാണ് കാര്‍ഷിക നിയമങ്ങള്‍ ലോക്‌സഭയില്‍ പാസാക്കിയത്. പിന്നാലെ സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ബില്‍ പാസാക്കി. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ എന്നീ ബില്ലുകളാണ് പാസാക്കിയത്.

ഇതിന് പിന്നാലെ കര്‍ഷക ര്‍പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Will fight against farm laws even if it takes 100 months priyanka gandhi