/indian-express-malayalam/media/media_files/uploads/2019/04/kamal-nath-kamal-nath-001.jpg)
ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രണ്ടായി കാണാനാകില്ലെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന അല്ലെങ്കിൽ ഭിന്നിപ്പിക്കാൻ പ്രാപ്തിയുള്ള ഒന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്.
പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താനോ രാജ്യവ്യാപകമായി എൻആർസി നടപ്പാക്കാനോ അത്ര തിരക്കോ അത്യാവശ്യമോ ഇല്ലെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച കമൽനാഥ് പറഞ്ഞു. ഇന്ത്യയെ സാമ്പത്തിക ദുരിതത്തിൽ നിന്ന് കരകയറ്റുകയെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ നിലവിളി. തൊഴിലുകൾ ഉറപ്പുവരുത്തുക എന്നതും കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക എന്നതുമാണ് ഏറ്റവും വലിയ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താനും സമൂഹത്തെ ഭിന്നിപ്പിക്കുന്ന എൻആർസിയെ കുറിച്ച് ചർച്ച ചെയ്യാനുമാണ് ബിജെപി സർക്കാരിന്റെ തീരുമാനം.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നടപടി നിർത്തിവയ്ക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതിന് പുറകെയാണ് കമൽനാഥിന്റെ പ്രസ്താവന. രൂപത്തിലും ഉള്ളടക്കത്തിലും എൻപിആർ 2020 വേഷംമാറിയ എൻആർസി ആണ് എന്നാണ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.
“പല സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി എന്ന നിലയിൽ, എൻപിആറിനെക്കുറിച്ച് വിവേകപൂർണ്ണവും ഒരുപോലെയുള്ളതുമായ തീരുമാനം എടുക്കണം,” സോണിയ ഗാന്ധി പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാരും പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരും തങ്ങളുടെ സംസ്ഥാനങ്ങളിൽ എൻപിആർ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി.
എൻപിആറിനെക്കുറിച്ച് ചോദിച്ചപ്പോൾ കമൽനാഥ് പറഞ്ഞത്, “ഇവയെല്ലാം ഒന്നായി തന്നെയാണ് കാണേണ്ടത്. എൻപിആർ, പൗരത്വ നിയമം, എൻആർസി എന്നിവയെ വേർതിരിക്കാനോ വ്യത്യസ്തമായി കാണാനോ കഴിയില്ല. ഇതെല്ലാം നടപ്പിലാക്കേണ്ട ഏജൻസി സംസ്ഥാനമായിരിക്കണം. അത് നടപ്പിലാക്കാൻ ഫ്രാൻസിൽ നിന്നും ആളുകളെ കൊണ്ടു വരാൻ അവർക്ക് കഴിയില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ അതിന് പ്രാപ്തിയുള്ളതോ ആയ ഒന്നും ഞങ്ങൾ നടപ്പാക്കില്ല.”
സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രമേയം പാസാക്കിയതു പോലെ. മധ്യപ്രദേശും ചെയ്യുമോ എന്ന ചോദ്യത്തിന് “നിയമം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരളം പ്രമേയം പാസാക്കിയിരിക്കുന്നത്. എന്നാൽ ഈ നിയമം നടപ്പാക്കില്ല എന്ന് ഞങ്ങൾ ഉറച്ച തീരുമാനമെടുത്ത സാഹചര്യത്തിൽ അത്തരത്തിലൊരു പ്രമേയം പാസാക്കേണ്ടതിന്റെ ആവശ്യം പോലുമില്ലല്ലോ,” എന്നായിരുന്നു കമൽനാഥിന്റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.