ന്യൂഡല്‍ഹി: ഗ്രൂപ്പ് ഓഫ് 20 (ജി 20), കോണ്‍ഫെറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി 26) ഉച്ചകോടികളില്‍ ആഗോള സാമ്പത്തികസ്ഥിതിയേയും മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവിനേയും പറ്റി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പ് സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മുന്‍പാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം ഇന്ന് മുതല്‍ 31 വരെ റോമും വത്തിക്കാൻ സിറ്റിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ക്ഷണപ്രകാരം നവംബർ ഒന്ന് മുതല്‍ രണ്ട് വരെ യുകെയിലെ ഗ്ലാസ്ഗോയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“റോമിൽ വച്ച് പതിനാറാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും. അവിടെ മറ്റ് ലോക നേതാക്കന്മാരുമായി സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവ്, ആഗോള സാമ്പത്തികസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും,” പ്രധാനമന്ത്രി അറിയിച്ചു.
നിലവിലെ ആഗോള സാഹചര്യം വിലയിരുത്താനും സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്താനും പകർച്ചവ്യാധിയിൽ നിന്നുള്ള തിരിച്ചു വരവിനും കൂട്ടായ പരിശ്രമങ്ങള്‍കൊണ്ട് എങ്ങനെ സാധിക്കുമെന്നും ഉച്ചകോടിയില്‍ പരിശോധിക്കും.
ഇറ്റലിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന കാര്യവും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഹിസ് എമിനൻസ് കർദ്ദിനാൾ പിയട്രോ പരോളിനേയും പ്രധാനമന്ത്രി കാണും.
ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായുള്ള ചർച്ചകൾ ഉൾപ്പെടുന്ന ഉഭയകക്ഷി യോഗങ്ങളും പ്രധാനമന്ത്രി നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല അറിയിച്ചു.
ഒക്ടോബർ 31 ന് ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം, 26-ാമത് സിഒപി ഉച്ചകോടിയിലും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക്ക് കൺവെൻഷനിലും പങ്കെടുക്കാന്‍ മോദി ഗ്ലാസ്ഗോയിലേക്ക് തിരിക്കും. കാർബൺ ഇടത്തിന്റെ തുല്യമായ വിതരണം, ധനസമാഹരണം, സാങ്കേതിക കൈമാറ്റം, സുസ്ഥിരമായ ജീവിതശൈലിയുടെ പ്രാധാന്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നും മോദി വ്യക്തമാക്കി.