പട്‌ന: അഴിമതിക്കാരായ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ കഴുത്തറുക്കുമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ആർ.കെ.സിങ്. ബിഹാറിലെ ആറ ലോക്‌സഭ മണ്ഡലത്തിലെ പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക വികസന പദ്ധതികൾക്കായി അനുവദിക്കുന്ന ടെൻഡറിലോ മറ്റോ ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടാൽ കാരണക്കാരായ ഉദ്യോഗസ്ഥരുടെ കഴുത്തറുക്കുമെന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രിയെ വിവാദക്കെണിയിൽ പെടുത്തിയത്. വിവാദ പ്രസ്താവനയോട് പിന്നീട് മന്ത്രി പ്രതികരിച്ചില്ലെങ്കിലും അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറഞ്ഞു.

ആറ ലോക്‌സഭ മണ്ഡലത്തിന് കീഴിൽ ചാന്ദ്‌വ വില്ലേജിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു പരിപാടി. എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ സുതാര്യമാണെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

“പദ്ധതിയിൽ എന്റെ പേരുളളത് കൊണ്ട് തന്നെ, ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടാൽ, കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കഴുത്ത് ഞാൻ അറുക്കും. കേസ് റജിസ്റ്റർ ചെയ്ത് എല്ലാവരെയും ജയിലിലടക്കും”, എംപി പറഞ്ഞു. പ്രാദേശിക ശൈലി പ്രയോഗമാണ് മന്ത്രി നടത്തിയതെന്ന് ബിജെപി നേതാക്കൾ ഇതിനോട് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ