ലക്‌നൗ : അയോധ്യയിലെയും ചിത്രകൂടത്തിലെയും ഗോരഖ്‌നാഥിലെയും ക്ഷേത്രങ്ങളില്‍ പൂജ കഴിഞ്ഞു സമയം ലഭിച്ചാല്‍ മാത്രമാണ് ഭരണം നോക്കുന്നത് എന്ന് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹസിച്ച ബിഎസ്‌പി നേതാവ് മായാവതി. ബിജെപി അവരുടെ വര്‍ഗീയവും ജാതീയവുമായ സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്നും പറഞ്ഞു. ചൊവാഴ്ച അസംമാര്‍ഗിലെ പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു ബിഎസ്പി അദ്ധ്യക്ഷ.

” ഞാന്‍ ബിജെപിയേയും ആര്‍എസ്എസ്സിനേയും തുറന്നുവെല്ലുവിളിക്കുകയാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും മതം മാറിയവര്‍ക്കും അവരുടെ നേതാക്കള്‍ക്കുമെതിരെയുള്ള ജാതീയ ചിന്തയും വിദ്വേഷവും മാറ്റിയില്ലായെങ്കില്‍ല്‍ ഞാനും ഈ വ്യവസ്ഥയുടെ ഇരകളായ കോടിക്കണക്കിനു ജനങ്ങളോടൊപ്പം ചേര്‍ന്നുകൊണ്ട് ഹിന്ദു മതം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്യും. ” സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായ മുലായം സിങ് യാദവിന്‍റെ മണ്ഡലമായ അസംമാര്‍ഗില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മായാവതി.

പാര്‍ട്ടി സ്ഥാപകനായ കാൻഷിറാം രൂപപ്പെടുത്തിയെടുത്ത പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഓർത്തെടുത്ത മായാവതി. ദളിതരും ആദിവാസികളും ഹിന്ദുമതത്തിലെ “വര്‍ണവ്യവസ്ഥയ്ക്ക്” കീഴില്‍ “നിസ്സഹായരായ അടിമകള്‍” ആണെന്നും. അവര്‍ക്ക് വിദ്യാഭ്യാസത്തിനും കൃഷിചെയ്യുവാനും തൊഴിലെടുക്കുവാനും രാഷ്ട്രീയത്തിലിടപെടുവാനുമുള്ള നിയമപരമായ അവകാശം നേടിക്കൊടുക്കുന്നത് “മിശിഹ” ആയ ബാബാ സാഹെബ് അംബേദ്‌കര്‍ ആണെന്നും മറിച്ച് ഹിന്ദു ദൈവങ്ങളല്ല എന്നും മായാവതി കൂട്ടിച്ചേര്‍ത്ത്.

” ഇപ്പോള്‍ അയോധ്യയിലോ മറ്റെവിടെയെങ്കിലുമോ രാമക്ഷേത്രമോ മറ്റേതെങ്കിലും ദൈവത്തിനുള്ള ക്ഷേത്രമോ നിര്‍മിച്ചാലൊന്നും ദാരിദ്ര്യമില്ലാതാകില്ല. അത് നിങ്ങളുടെ ദാരിദ്ര്യത്തെയോ തൊഴിലില്ലായ്മയേയോ ഇല്ലാതാക്കില്ല” മായാവതി പറഞ്ഞു.

യോഗി ആദിത്യനാഥിനെ ലക്ഷ്യംവച്ചായിരുന്നു മായാവതിയുടെ പ്രസംഗം. ” അദ്ദേഹം കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുമാണ്. ആ പ്രദേശത്തിന്‍റെ വികസനത്തിനായി അദ്ദേഹം ഒന്നും ചെയ്യാറില്ല. വെറുതെ പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് അദ്ദേഹം ചെയ്യാറുള്ളത്.” മായാവതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook