ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരികെ എത്തിയെങ്കിലും ഹരിയാനയില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഹരിയാനയിലെ ജനങ്ങള്‍ക്കുവേണ്ടി ഇതേ ആത്മാര്‍ത്ഥയോടെ തന്നെ പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. പാര്‍ട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരോട് നന്ദി പറയുന്നതായും മോദി. മഹാരാഷ്ട്രയിലെ ജനങ്ങള്‍ എന്‍ഡിഎ സഖ്യത്തെ അനുഗ്രഹിച്ചെന്നായിരുന്നു മോദി അധികാരത്തുടര്‍ച്ചയെക്കുറിച്ച് പറഞ്ഞത്.
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് 160 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 99 സീറ്റുകളില്‍ മുന്നിലെത്തി. ഹരിയാനയില്‍ 90 അംഗ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും കേവല ഭൂരിപക്ഷം നേടിയില്ല. ബിജെപി 40 സീറ്റുകളും കോണ്‍ഗ്രസ് 31 സീറ്റുകളുമാണ് നേടിയത്. ഇതോടെ 10 സീറ്റ് നേടിയ ജെജെപിയുടെ ദുശ്യന്ത് ചൗട്ടാല കിങ് മേക്കറായി മാറും.
അതേസമയം, ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിക്കുമെന്നാണ് അമിത് ഷാ നല്കുന്ന സൂചന. ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതിനും വീണ്ടും അവസരം നല്‍കിയതിനും ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി ഷാ പ്രതികരിച്ചു.