/indian-express-malayalam/media/media_files/uploads/2023/04/jagdish-shettar.jpg)
(Source: Twitter)
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ ബിജെപി തയാറെടുക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ജഗദീഷ് ഷെട്ടര്‍. ആറ് തവണ എംഎല്‍എയായ ജഗദീഷ് ഷെട്ടര്‍ തനിക്ക് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും എന്ത് വിലകൊടുത്തും മത്സരിക്കുമെന്നും പറഞ്ഞു.
''ഞാന്‍ ആകെ നിരാശനാണ്. ഞാന്‍ 30 വര്‍ഷത്തിലേറെയായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു, പാര്‍ട്ടിയെ കെട്ടിപ്പടുത്തിയിട്ടുണ്ട്. അവര്‍ക്ക് 2-3 മാസം മുമ്പ് എന്നെ അറിയിക്കാമായിരുന്നു, ഞാനത് സ്വീകരിക്കുമായിരുന്നു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കെ മത്സരിപ്പിക്കില്ലെന്ന് അറിയിച്ചു. ഞാന്‍ ഇതിനകം തന്നെ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്,'' വാര്‍ത്താസമ്മേളനത്തില്‍ ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് അവസാന നിമിഷമാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. ''മത്സരിക്കേണ്ടെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു, എന്നാല്‍ എന്ത് വില കൊടുത്തും ഞാന്‍ മത്സരിക്കുമെന്ന് അറിയിക്കുകയും പുനഃപരിശോധിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഭരണ വിരുദ്ധ തരംഗമുണ്ടോ, ആരോപണങ്ങള്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അവര്‍ എന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് തനിക്ക് ഹൈക്കമാന്‍ഡിൽനിന്നും കോൾ ലഭിച്ചതെന്ന് ഷെട്ടാര്‍ പറഞ്ഞു. നിയമസഭാ മണ്ഡലത്തിലെ സര്‍വേയില്‍ ബിജെപിക്ക് വിജയ തരംഗമുണ്ടെന്ന് സൂചനയുണ്ട്. രാഷ്ട്രീയത്തില്‍ എന്റെ പ്രതിച്ഛായ മോശമില്ല. ഞാന്‍ പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നു, വിശ്വസ്തത ഒരു പ്രശ്‌നമായി മാറിയതായി എനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹുബ്ബള്ളി-ധാര്‍വാഡ് എംഎല്‍എയായ ജഗദീഷ് ഷെട്ടര്‍ 2018ല്‍ 75,794 (51.31%) വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
ബി.എസ്.യെഡിയൂരപ്പയുടെ വിശ്വസ്ത സഹായിയായ ജഗദീഷ് ഷെട്ടാര്‍ 2012ല്‍ കര്‍ണാടക മുഖ്യമന്ത്രിയായത് സംസ്ഥാന ബിജെപി ഖനന വിവാദത്തില്‍ അകപ്പെട്ടപ്പോഴാണ്. അഞ്ചു പതിറ്റാണ്ടായി ജനസംഘവുമായി ബന്ധമുള്ള കുടുംബമായ ജഗതീഷ് ഷെട്ടാര്‍ ആര്‍എസ്എസിലും പ്രവര്‍ത്തിച്ചുവരുന്നു. സഹോദരന്‍ പ്രദീപ് ഷെട്ടാര്‍ എംഎല്‍സിയും അമ്മാവന്‍ സദാശിവ ഷെട്ടാര്‍ ഹുബ്ബള്ളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് എസ് എസ് ഷെട്ടാര്‍ ഹുബ്ബള്ളി-ധാര്‍വാഡ് സിറ്റി കോര്‍പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജഗദീഷ് ഷെട്ടറിനും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കും രണ്ട് പതിറ്റാണ്ടായി ഹുബ്ബള്ളി-ധാര്‍വാഡ് ജില്ലയിലെ നല്ല രാഷ്ട്രീയ സ്വാധീനമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us