പാകൂർ (ജാർഖണ്ഡ്): സുപ്രീം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അയോധ്യയിൽ നാലു മാസത്തിനകം ആകാശം മുട്ടെയുളള രാമക്ഷേത്രം നിർമിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പാകൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴു ദശാബ്ദത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷമാണ് നവംബർ 9 ന് അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവം നടത്തിയത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാമെന്നും മുസ്‌ലിങ്ങൾക്ക് പളളി പണിയാനായി അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമായിരുന്നു കോടതി വിധി. അയോധ്യ കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെല്ലാം കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

Read Also: അയോധ്യ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തളളി

എന്തുകൊണ്ടാണ് ബിജെപി കശ്മീർ പ്രശ്നം ജാർഖണ്ഡിൽ ഉന്നയിച്ചതെന്ന രാഹുൽ ഗാന്ധിയുടെ കളിയാക്കലിന്, കോൺഗ്രസ് നേതാവ് ആദ്യം തന്റെ പാർട്ടി നടത്തുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിവരണം നൽകണമെന്ന മറുപടിയാണ് അമിത് ഷാ നൽകിയത്. ”സംസ്ഥാനത്തെ റാലികളിൽ കശ്മീരിനു സ്വതന്ത്ര പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതെന്തിനാണെന്നാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്. ഇറ്റാലിയൻ ഗ്ലാസ് ധരിക്കുന്ന അദ്ദേഹത്തിന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള യുവാക്കൾ അതിർത്തികളിൽ രക്തം ചൊരിയുന്നുവെന്ന് അറിയില്ല” ഷാ പറഞ്ഞു.

അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് ജാർഖണ്ഡിനെ സൃഷ്ടിച്ചതെന്നും നക്‌സലിസത്തെ 20 അടി താഴ്ചയിൽ കുഴിച്ചുമൂടിയ ശേഷം നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook