ചെന്നൈ: എല്ലാ രാഷ്ട്രീയപ്പാർട്ടികളുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം കമലഹാസൻ. ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നടൻ രജനീകാന്തുമായി ചർച്ച നടത്തിയിരുന്നുവെന്നും ഒരേ അഭിപ്രായമാണ് തങ്ങൾക്ക് ഈ വിഷയത്തിൽ ഉള്ളതെന്നും കമലഹാസൻ അഭിമുഖത്തിൽ പറഞ്ഞു.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഒറു തിരഞ്ഞെടുപ്പ് വന്നാൽ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പെൺകുട്ടിയുടെ സ്ഥിതിയാകും തമിഴ്നാടിന്. അങ്ങിനെ വന്നാൽ താൻ മത്സരത്തിനിറങ്ങും. അഴിമതിയാണ് ആദ്യം പൊരുതാൻ ഉദ്ദേശിക്കുന്ന വിഷയം.

രാഷ്ട്രീയത്തിൽ താൻ വ്യത്യസ്തമായ വഴിയാകും സ്വീകരിക്കുക. രജനീകാന്തിന് അദ്ദേഹത്തിന്റേതായ തീരുമാനം എടുക്കാം. അതേസമയം നിലവിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായോ മുന്നണിയുമായോ ചേർന്ന് പ്രവർത്തിക്കാനല്ല താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ഭരണത്തെ നിശിതമായി വിമർശിച്ച് രംഗത്ത് വന്ന കമലഹാസൻ ഇനി രാഷ്ട്രീയത്തിലിറങ്ങാതെ മറ്റ് വഴികളില്ലെന്നാണ് പറഞ്ഞത്. നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനുമായും ഇദ്ദേഹം സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ ചെന്നൈയിൽ കമല ഹാസനെ സന്ദർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook