ഹൈദരാബാദ്: ദീപികാ പദുക്കോണിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മാവതി’ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ്. ഹിന്ദുക്കളെ മോശമായി ചിത്രീകരിച്ചാല്‍ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. ചിത്രം പുറത്തിറക്കണമെങ്കില്‍ രജപുത്ര വിഭാഗക്കാരുടെ അംഗീകാരം തേടണമെന്നും രാജാസിംഗ് പറഞ്ഞതായി ദി ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ രജപുത്ര വിഭാഗക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജാസിംഗ്.
പത്മാവതി സിനിമക്കെതിരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമാണ്. എന്നിട്ടും ഹൈദരാബാദില്‍ ആരും പ്രതിഷേധിക്കുന്നില്ല. നിങ്ങളുടെ രക്തം തണുത്ത് പോയോ-എം.എല്‍.എ ചോദിക്കുന്നു. സിനിമയില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിച്ചാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ കത്തിക്കും. മറ്റാതെങ്കിലും തീയറ്റര്‍ കത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും രാജാസിംഗ് പറഞ്ഞു.
ഹിന്ദു സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നവരെ പാഠം പഠിപ്പിക്കും. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സഞ്ജയ് ലീല ബന്‍സാലി വെറും നായയാണെന്നും രാജാസിംഗ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ രാജാക്കന്‍മാര്‍ സ്വന്തം കാര്യത്തില്ല, രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പേരാടിയിട്ടുള്ളത്. പത്മാവതിയുടെ റിലീസ് തടയുന്നതിന് രജപുത്രര്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ സംഘടിപ്പിക്കണമെന്നും രാജാസിംഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതുമെന്ന വിശേഷണത്തോടെയാണ് പത്മാവതി റിലീസിന് തയ്യാറെടുക്കുന്നത്. ബാഹുബലിയുടെ റെക്കോർഡുകൾ തിരുത്തുമെന്നും, കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്മയമാണെന്നും അണിയറപ്രവർത്തകർ അവകാശപ്പെട്ടുകഴിഞ്ഞു. സഞ്ജയ് ലീലാ ബൻസാലി ഒരുക്കുന്ന പത്മാവതി 160കോടി രൂപ ചെലവിലാണ് നിർമിച്ചത്.