ലണ്ടൻ: യുകെയിലെ പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിക്കുമെന്ന് തീവ്ര വലതുപക്ഷ പാർട്ടിയായ ഇന്റിപെന്റൻസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഡി, ബുർഖ ധരിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്നാണ് ഇതിന് ഇന്റിപെന്റൻസ് പാർട്ടി കാരണം പറഞ്ഞിരിക്കുന്നത്.

വ്യക്തിത്വം മറച്ചുവയ്ക്കുന്ന വസ്ത്രധാരണം തൊഴിൽ നഷ്ടപ്പെടുത്തുന്നുവെന്നും, ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും ഗാർഹിക അതിക്രമത്തിന്റെ തെളിവുകൾ മറച്ചുവെക്കുന്നുവെന്നും ഇതോടൊപ്പം സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട വൈറ്റമിൻ ഡി നഷ്ടപ്പെടുത്തുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പത്രിക ചൂണ്ടിക്കാട്ടുന്നു.

മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 22 പേർ മരിച്ച ശേഷം പ്രചാരണ പത്രികയോടെയാണ് ഇന്റിപെന്റൻസ് പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരികെ വന്നത്. ടെലഗ്രാഫ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഇത് വ്യക്തികളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണത്തെ ഇന്റിപെന്റൻസ് പാർട്ടി തള്ളികളഞ്ഞു. “എല്ലാ സ്ത്രീകളെയും തൊഴിൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമമെന്ന്”​അവർ വിശദീകരിച്ചു.

ഹൗസ് ഓഫ് ലോർഡ്‌സിനെ ഇല്ലാതാക്കുന്നതിനായി ഘട്ടം ഘട്ടമായി യുകെ പാർലമെന്റിലേക്കുള്ള അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ട്.

റഷ്യൻ ഭരണാധികാരിയായ വ്ലാഡിമർ പുടിനുമായി ചേർന്ന് ശക്തമായ സഖ്യം സൃഷ്ടിക്കുമെന്നാണ് വലതുപക്ഷ പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന മറ്റൊരു പ്രധാന വാഗ്ദാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ