ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ വിരാമം കുറിക്കുമെന്ന് നടൻ രജനികാന്ത്. രജനി മക്കൾ മൻഡ്രത്തിലെ മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.
“ഞാൻ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, ഞാൻ എന്റെ അഭിപ്രായങ്ങൾ അവരുമായി പങ്കുവച്ചു. ഞാൻ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി. എന്റെ തീരുമാനം എത്രയും വേഗം ഞാൻ പ്രഖ്യാപിക്കും,” കോടംബാക്കത്തെ തന്റെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഹാളിൽ നടന്ന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
Superstar Rajinikanth: I met all the district secretaries. They expressed their views and I shared mine. They told me that they will stand by me whatever decision I take. I will announce my decision soon.#RajiniPoliticalEntry #RajinikanthPolitics #Elections2021 #TNPolitics pic.twitter.com/nn21GDpOgE
— Shilpa Nair (@NairShilpa1308) November 30, 2020
രജനീകാന്ത് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതിന് ഒരു മാസത്തിന് ശേഷമാണ് ഇത്. കത്തിലെ ഉള്ളടക്കങ്ങൾ വ്യാജമാണെന്ന് പറഞ്ഞ് രജനീകാന്ത് അത് തള്ളിക്കളഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുന്ന ഭാഗം സമ്മതിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2016ൽ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നത് കാരണം നിലവിലെ സാഹചര്യങ്ങളിൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകും എന്നാണ് റിപോർട്ടുകൾ പ്രചരിച്ചത്. അമേരിക്കയിലായിരുന്നു കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
വൃക്ക മാറ്റിവച്ചതിനാൽ രജിനികാന്തിന് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. കോവിഡ് വാകിസിൻ വന്നാലും രജനികാന്തിന്റെ രോഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി കത്തിൽ പറഞ്ഞിരുന്നു.
തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ആവശ്യമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ വർഷം തുടക്കത്തിൽ നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസനും (മക്കൾ നീതി മയത്തിന്റെ തലവൻ) രജനീകാന്തും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
താൻ പാർട്ടി രൂപീകരിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്നും 2017 ൽ രജനീകാന്ത് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ചിൽ നടന്ന പത്രസമ്മേളനത്തിൽ രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും പാർട്ടിക്ക് നേതൃത്വം നൽകുമെന്നും തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ സർക്കാരിനെ നയിക്കാൻ മറ്റൊരു സംഘത്തെ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. 2021 ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.