മുംബൈ: മാഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്നതിനിടയിൽ ആശയകുഴപ്പം സൃഷ്ടിച്ച് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ട്വീറ്റ്. ശരദ് പവാറാണ് തന്റെ നേതാവെന്ന് അജിത് പവാർ. ഇപ്പോഴും എൻസിപിയിലാണെന്നും എന്നും എൻസിപിയിൽ തന്നെ തുടരുമെന്നും അജിത് പവാറർ ട്വിറ്ററിൽ കുറിച്ചു. ഒപ്പം എൻസിപി – ബിജെപി സർക്കാർ അഞ്ചു വർഷം തികയ്ക്കുമെന്നും പവാർ കൂട്ടിച്ചേർത്തു.

“ഞാൻ എൻസിപിയിലാണ്, എന്നും എൻസിപിയിൽ തന്നെ ആയിരിക്കും. ശരദ് പവാര്‍ സാഹേബ് ആണ് ഞങ്ങളുടെ നേതാവ്”

Also Read: അധികാരം വരും വരും പോകും, വിഷയം ബന്ധങ്ങളാണ്; അജിത് പവാറിനെ ഉന്നംവച്ച് സുപ്രിയയുടെ വാട്സാപ് സ്റ്റാറ്റസ്

“ഞങ്ങളുടെ ബിജെപി-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് വ‍ര്‍ഷം സുസ്ഥിരമായ സര്‍ക്കാരുണ്ടാക്കും. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും,” അജിത് പവാറിന്റെ ട്വീറ്റിന്റെ പൂർണരൂപം ഇങ്ങനെ.

മറ്റൊരു ട്വീറ്റിൽ വിഷമിക്കേണ്ട ആവശ്യമില്ലെന്നും എല്ലാം ശരിയായി വരുമെന്നും അദ്ദേഹം കുറിച്ചു. എന്തായാലും അല്പം ക്ഷമ ആവശ്യമാണ്​. എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച അതിരാവിലെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം സത്യപ്ര‌തിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയായത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. എന്നാൽ വലിയ വിമർശനമാണ് അജിത്തിന് നേരിടേണ്ടി വന്നത്.

Also Read: കാണാതായ എന്‍സിപി എംഎല്‍എയെ കുറിച്ച് വിവരം ലഭിച്ചു

അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രീം കോടതി. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. കേസിൽ ഇന്ന് വിധിയില്ല. നാളെ വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിഷയം മാത്രമാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫട്‌നാവിസ് ഗവർണർക്ക് നൽകിയ കത്തും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയിൽ നിന്നുള്ള എംഎൽഎമാർ നൽകിയ കത്തും നാളെ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ രാവിലെ 10.30 നാണ് വീണ്ടും പരിഗണിക്കുക. കേസിൽ മൂന്ന് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook