ചെന്നൈ: ശശികലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രംഗത്ത്. ജയലളിതയുടെ വീട്ടില്‍ നിരവധിപ്പേര്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെല്ലാം ‘അമ്മ’യാകാന്‍ കഴിയുമോ എന്ന് പനീര്‍ശെല്‍വം പരിഹാസ രൂപേണ ചോദിച്ചു.

പനീര്‍ശെല്‍വം ആളാകെ മാറിയിരിക്കുന്നുവെന്നും നന്ദിയില്ലാത്തവനാണെന്നും കള്ളനാണെന്നുമുള്ള ശശികലയുടെ പരസ്യപ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഇത്തരമൊരു പരിഹാസവുമായി പനീര്‍ശെല്‍വം രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും ഇതിന് പിന്നില്‍ പനീര്‍ശെല്‍വം ആണെന്നും ശശികല ആരോപിച്ചിരുന്നു. പനീര്‍ശെല്‍വം നന്ദി ഇല്ലാത്തയാളാണ്. മുഖ്യപന്ത്രി പദം വലിയ കാര്യമായി താന്‍ കരുതുന്നില്ല. പനീര്‍ശെല്‍വം പാര്‍ട്ടി പിളര്‍ത്താന്‍ തയ്യാറെടുത്തപ്പോഴാണ് എംഎല്‍എമാരുടെ പിന്തുണയോടെ താന്‍ രംഗത്തെത്തിയതെന്നും അവര്‍ പ്രതികരിച്ചു.

സത്യപ്രതിഞ്ജ്ഞ ഉടന്‍ നടത്താന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ശശികല ആവശ്യപ്പെട്ടു. കഴിഞ്ഞ 33 വര്‍ഷക്കാലമായി 1000 പനീര്‍ശെല്‍വത്തെ കണ്ടിട്ടുണ്ടെന്നും അത്കൊണ്ട് തന്നെ തനിക്ക് ഭയമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ജയലളിതയ്ക്കൊപ്പം പതിറ്റാണ്ടുകളായി നിഴലു പോലെ താനുണ്ടെന്ന് ശശികല ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വീട്ടുജോലിക്കാര്‍ അമ്മയാകാന്‍ കഴിയുമോ എന്ന ചോദ്യവുമായി പനീര്‍ശെല്‍വം രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ