scorecardresearch
Latest News

നിലവാരം കുറഞ്ഞ ഉള്ളടക്കം, വിവരങ്ങൾ വിക്കിപീഡിയയിൽനിന്നും; എങ്ങും എത്താതെ പാർലമെന്റ് മ്യൂസിയത്തിന്റെ നവീകരണം

2006 ആഗസ്റ്റ് 15ന് രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം ഉദ്ഘാടനം ചെയ്ത പാർലമെന്ററി ലൈബ്രറി ബിൽഡിങ്ങിന്റെ നവീകരണത്തിനായി 15 കോടിയോളം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

Parliament Museum, Parliament Museum upgrade, old Parliament Museum, Parliament building, Parliament Museum new features, National Museum Institute, Central Vista, National Museum, new Parliamentary complex, Indian express, India news
പാർലമെന്റ് മ്യൂസിയത്തിനുള്ളിലെ കാഴ്ച (ഫയൽ ചിത്രം)

വളരെ കുറഞ്ഞ നിലവാരം, വിക്കിപീഡിയയിൽ നിന്നെടുത്ത വിവരങ്ങൾ, ഉള്ളടക്കത്തിനു മേൽനോട്ടം വഹിക്കുന്ന വിദഗ്ധരെക്കുറിച്ചുളള വിവരമില്ല, അഞ്ച് മാസത്തിനുശേഷം തുറന്നു നൽകേണ്ട പാർലമെന്റ് മ്യൂസിയത്തിന്റെ നവീകരണം ഇപ്പോഴും എങ്ങും എത്താതെ നിൽക്കുന്നു.

ലോക്‌സഭാ സെക്രട്ടേറിയറ്റിനു കീഴിലാണ് മ്യൂസിയം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റിയായ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് (എൻഎംഐ) ആണ് ഇതിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതെന്ന് ഔദ്യോഗിക രേഖകളുടെ അവലോകനത്തിലൂടെ ഇന്ത്യൻ എക്‌സ്പ്രസ് മനസ്സിലാക്കുന്നു. നവീകരിച്ച മ്യൂസിയം തുറക്കാൻ അതായത് ഓഗസ്റ്റ് 15ന് ഇനി വെറും നാല് മാസം മാത്രമാണ് ശേഷിക്കുന്നത്.

2006 ഓഗസ്റ്റ് 15ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം ഉദ്ഘാടനം ചെയ്ത പാർലമെന്ററി ലൈബ്രറി ബിൽഡിങ്ങിന്റെ നവീകരണത്തിനായി 15 കോടിയോളം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നിലവിൽ, മ്യൂസിയത്തിന്റെ നവീകരണം നടക്കുന്നതിനാൽ എല്ലാ പ്രദർശന വസ്തുക്കളും മാറ്റിയിട്ടുണ്ട്.

നവീകരണത്തിനുശേഷം, രണ്ട് നിലകളിലായി ആറ് തീമുകൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പാർലമെന്റ് മ്യൂസിയം സെൻട്രൽ വിസ്ത പുനർവികസനത്തിന്റെ മാസ്റ്റർപ്ലാനിന്റെ ഭാഗമല്ലെന്ന് സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് അറിവുള്ള ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിൽ, ഉള്ളടക്കം ആശയവൽക്കരിക്കാനും സൃഷ്ടിക്കാനും എൻഎംഐയെ ചുമതലപ്പെടുത്തിയിരുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള പാൻ ഇന്റലെകോം എന്ന സ്വകാര്യ കമ്പനിയാണ് എൻഎംഐയിൽ നിന്നുള്ള ഉള്ളടക്കത്തെ അടിസ്ഥാനമാക്കി നവീകരണത്തിനായ് 14 കോടി രൂപയുടെ കരാർ നേടിയത്.

ഈ വർഷം ജനുവരി 24 ന്, “സീഡ്സ് ഓഫ് ഡെമോക്രസി” എന്ന തീമിനെ അടിസ്ഥാനമാക്കി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബി ആർ അംബേദ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ നടത്തിയ പ്രസംഗം മ്യൂസിയത്തിന്റെ പ്രവേശനകവാടത്തിൽ പ്രദർശിപ്പിക്കാമെന്ന് പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിൽ പ്രവർത്തിച്ചിട്ടുള്ള മുൻ എഎംയു പ്രൊഫസറായ ചരിത്രകാരൻ മഖൻ ലാൽ മുഖേന പാൻ ഇന്റലികോം എൻഎംഐയോട് നിർദേശിച്ചു.

“ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യ ” കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ മോദി നടത്തിയ പ്രസംഗം, എന്തുകൊണ്ടാണ് ഇന്ത്യ ഒരു പാർലമെന്ററി ജനാധിപത്യം തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച് 1957 മാർച്ച് 28-ന് നെഹ്‌റു ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഭാഗം, 1949 നവംബർ 25-ന് ഭരണഘടനാ അസംബ്ലിയിൽ ഡോ. അംബേദ്കറുടെ ഇന്ത്യയിലെ ജനാധിപത്യ ചരിത്രത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം എന്നിവയാണ് പാൻ വഴി മഖൻ ലാൽ, ശുപാർശ ചെയ്തവ.

ഫെബ്രുവരി 9 ന്, ഇതു സംബന്ധിച്ച് പദ്ധതിയുടെ ചുമതലയുള്ള ഡീൻ (അക്കാദമിക് അഫയേഴ്‌സ്), എൻഎംഐയുടെ മ്യൂസിയോളജി വിഭാഗം മേധാവി മാൻവി സേത്ത്, ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് കത്തയച്ചു. “ആഖ്യാനവും ഉള്ളടക്കവും സമഗ്രമായും വസ്തുനിഷ്ഠമായും പരിഗണിക്കേണ്ടത് പരമപ്രധാനമാണ്. എൻഎംഐയുമായി മുൻകൂർ കൂടിയാലോചന കൂടാതെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഒരു പരിഷ്കരണവും (ചേർക്കുക അല്ലെങ്കിൽ ഭാഗം നീക്കുക ) പാൻ സ്വന്തമായി ചെയ്യാൻ പാടില്ല,” കത്തിൽ എൻഎംഐ പറയുന്നു.

പാനിന്റെ ഉള്ളടക്ക നിർദേശങ്ങൾ അവരുടെ അധികാരത്തിലെ കടന്നുകയറ്റമായി എൻഎംഐ കണ്ടുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വർഷം മാർച്ച് 24 ന്, എൻഎംഐയ്ക്ക് കോപ്പി വച്ചുകൊണ്ട് മഖൻ ലാൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് അയച്ച ഇമെയിലിൽ, എൻഎംഐ നൽകിയ നിലവാരം കുറഞ്ഞ ഉള്ളടക്കത്തെ കുറിച്ച് പറയുകയും അത് തയാറാക്കിയവരെക്കുറിച്ച് വെളിപ്പെടുത്താൻ എൻഎംഐയോട് ആവശ്യപ്പെടുകയും ചെയ്തു.

ഏപ്രിൽ മൂന്നിന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രട്ടറി പ്രസൻജിത് സിങ്, എൻഎംഐക്ക് അയച്ച ഇമെയിലിൽ, ഈ ആശങ്കകൾ പങ്കുവയ്ക്കുകയും എൻഎംഐ വിദഗ്ധരുടെ വിശദാംശങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് പറയുകയും ചെയ്തു.

ആദ്യത്തെ മൂന്ന് തീമുകൾക്കുള്ള സമ്പൂർണ്ണ ടെംപ്ലേറ്റുകൾ ഇപ്പോഴും കാത്തിരിപ്പിലാണെന്നും പ്രസൻജിത് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ്, ഏപ്രിൽ 10-ന്, മൈസൂർ, ഔന്ദ്, തിരുവിതാംകൂർ, കൊച്ചി എന്നിവയെക്കുറിച്ചുള്ള വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങളുടെ ലിങ്കുകൾ അതിന്റെ റഫറൻസുകളുടെ ഉറവിടങ്ങളെന്ന നിലയിൽ എൻഎംഐ പങ്കിട്ടു.

“ഒരു ചരിത്രകാരൻ എന്ന നിലയിൽ, ലൈബ്രറികളിൽനിന്നുള്ള പ്രസിദ്ധീകരിച്ച സ്രോതസ്സുകളേക്കാൾ വിക്കിപീഡിയയുടെയും നെറ്റിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പാർലമെന്റ് മ്യൂസിയത്തിലെ ഉള്ളടക്കങ്ങൾ തയ്യാറാക്കിയതിൽ എനിക്ക് വളരെ അസ്വസ്ഥതയും ലജ്ജയും തോന്നുന്നു. എൻഎംഐയോട് ഉള്ളടക്കങ്ങളുടെയും റഫറൻസുകളുടെയും രചയിതാക്കളുടെ പേരുകളുടെയും ലിസ്റ്റ് നൽകാൻ ആവശ്യപ്പെടണം. അല്ലാത്തപക്ഷം പ്രോജക്‌റ്റുമായി ബന്ധപ്പെട്ട് ഇതുവരെ ചെലവാക്കിയ പണം തിരികെ നൽകാൻ ആവശ്യപ്പെടണം,” ഏപ്രിൽ 12ന് മഖൻ ലാൽ പറഞ്ഞു.

വിഷയത്തിൽ പ്രതികരിക്കാൻ ലാൽ തയാറായില്ല. “അഞ്ച് മാസത്തിനുള്ളിൽ പ്രോജക്റ്റ് പൂർത്തിയാക്കാനാണ് ഞങ്ങൾക്ക് സമയം നൽകിയിട്ടുള്ളത്. എന്നാൽ അതിനുള്ള ഉള്ളടക്കങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ വിവരങ്ങളും ലഭിച്ചാൽ മാത്രമേ പ്രോജക്ച് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തീയതി പറയാൻ കഴിയൂ,” പാൻ ഇന്റലികോം മാനേജിങ് ഡയറക്ടർ ഹർബീർ സിങ് പനേസർ പറഞ്ഞു. ലോക്‌സഭാ സെക്രട്ടേറിയറ്റിലെ പ്രസൻജിത് സിങ്ങും പ്രതികരിക്കാൻ തയാറായില്ല.

“എൻഎംഐ സമർപ്പിച്ച ഉള്ളടക്കത്തിന്റെ ഉറവിടങ്ങളുടെ വലിയൊരു ഭാഗം വിക്കിപീഡിയയിൽ നിന്നാണെന്നത് തീർത്തും തെറ്റാണ്. ഗവേഷണം, ഫീൽഡ് വർക്ക്, പ്രസക്തമായ വിഷയ വിദഗ്ധരുമായുള്ള കൂടിയാലോചന, ആർക്കൈവൽ ഗവേഷണം എന്നിവയിലൂടെയാണ് ഉള്ളടക്കം സൃഷ്ടിച്ചിരിക്കുന്നത്. പാർലമെന്റ് മ്യൂസിയവുമായി ബന്ധപ്പെട്ട കൂടിയാലോചനകളും ചർച്ചകളും നടത്തിയിരുന്നു,” ലാലിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എൻഎംഐയുടെ മാൻവി സേത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“പ്രസക്തവും ആവശ്യമുള്ള സ്ഥലത്തും ഉദ്ധരണികളും പ്രസംഗങ്ങളും ഉപയോഗിക്കുന്നതിനുള്ള ആശയം എല്ലായ്പ്പോഴും സ്വാഗതം ചെയ്യപ്പെടുന്നു,” എൻഎംഐ നിരസിച്ച പ്രസംഗങ്ങളെക്കുറിച്ചുള്ള പാനിന്റെ നിർദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മാൻവി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Wikipedia sources parliament museum upgrade caught in row

Best of Express