മീററ്റ്: ദിവസം മുഴുവൻ ഭാര്യ ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കുടുംബകോടതിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നുവെന്ന് ആരോപിച്ചിരിക്കുന്നത്.

മന്ത്രവാദിയുടെ നിർദേശപ്രകാരം രാവിലെ നാലു ലഡ്ഡുവും വൈകിട്ട് നാലു ലഡ്ഡുവും മാത്രമാണ് ഭാര്യ കഴിക്കാൻ നൽകുന്നത്. ഇതല്ലാതെ മറ്റൊന്നും കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഭർത്താവ് പറയുന്നു. 10 വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് മൂന്നു മക്കളാണുളളത്.

കുറച്ചുനാളായി താൻ രോഗബാധിതനായിരുന്നുവെന്നും, ആ സമയം ഭാര്യ ഒരു മന്ത്രവാദിയെ സമീപിച്ചതായും, അയാൾ ലഡ്ഡു മാത്രം കഴിക്കാൻ കൊടുക്കാൻ പറഞ്ഞതായും ഭർത്താവ് ഹർജിയിൽ വ്യക്തമാക്കി. മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നതെന്നും ഭർത്താവ് ഹർജിയിൽ പറയുന്നു. അതേസമയം, വിവാഹമോചനത്തിനുളള കാരണം ഫാമിലി കൗൺസിലിങ് സെന്ററിലെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.

”ഞങ്ങൾക്ക് ദമ്പതികളെ കൗൺസിലിങ്ങിനായി വിളിക്കാം, പക്ഷേ അന്ധവിശ്വാസിയായതിനാൽ സ്ത്രീയെ പരിഗണിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ലഡ്ഡു തന്റെ ഭർത്താവിനെ സുഖപ്പെടുത്തുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു, മറ്റൊന്നും അവർ സ്വീകരിക്കാൻ തയ്യാറല്ല,” കൗൺസിലർ പറഞ്ഞു.

Read Here: ചരിത്രം ചന്ദ്രനരികെ: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ 2

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook