ഇസ്ലാമാബാദ്: നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാര്‍ലമെന്റ് സീറ്റിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കും. പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ (നവാസ്) സ്ഥാനാർത്ഥിയായി കല്‍സൂം നവാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 1999 മുതൽ പാർട്ടിയുടെ ചുമതല വഹിക്കുന്ന കല്‍സൂം ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്. ഷെരീഫിന്റെ ഉപദേഷ്ടാവ് ആസിഫ് കിര്‍മാനി ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്.
അഴിമതി ആരോപണത്തിൽപ്പെട്ട നവാസ് ഷെരീഫ് സുപ്രീം കോടതിയുടെ വിധിയെ തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അധികാരം നഷ്ടപ്പെട്ടതോടെ പെട്രോളിയം മന്ത്രി ഷാഹിദ് കാഖ്വാന് അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്. 45 ദിവസമായിരിക്കും ഷാഹിദ് കാഖ്വാന് പ്രധാനമന്ത്രി പദം അലങ്കരിക്കുക.
ഭരണകക്ഷിയായ പിഎംഎല്‍എന്‍ ഷെരീഫിന്റെ സഹോദരന് ഷഹബാസിനെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഷഹബാസ് ഷെരീഫ് ദേശീയ അസംബ്ലി അംഗമല്ലാത്തതിനാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയാതെ പോവുകയായിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് വ്യക്തമ വരിക.
നവാസ് ഷെരീഫിന്റെ മണ്ഡലത്തില്‍ നിന്ന് തന്നെയാകും ഭാര്യ കല്‍സൂം മത്സരിക്കുക. പാനമ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയതോടെയാണ് അദ്ദേഹം രാജിക്ക് നിര്‍ബന്ധിതനായത്. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഷെരീഫ് കുടുംബം അനധികൃതസ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവച്ചു.