scorecardresearch
Latest News

മുത്തം നൽകാൻ അച്ഛനില്ല; കരിപ്പൂരിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് ആൺകുഞ്ഞ് പിറന്നു

അഖിലേഷ് വിമാനാപകടത്തിൽ മരിച്ച് ഒരു മാസം തികയാനിരിക്കേയാണ് ഇപ്പോൾ അദ്ദേഹത്തിന് കുഞ്ഞ് ജനിച്ചിരിക്കുന്നത്

co-pilot, കോ പൈലറ്റ്, സഹ പൈലറ്റ്, Akhilesh kumar, അഖിലേഷ് കുമാർ, karipur plane crash, കരിപ്പൂർ വിമാനാപകടം, kaipur airport,കരിപ്പൂർ വിമാനത്താവളം, kozhikode airport, കോഴിക്കോട് വിമാനത്താവളം, air india express plane crash, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനാപകടം, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ie malayalam, ഐഇ മലയാളം

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി. ശനിയാഴ്ചയാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മഥുരയിലെ നയാതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ അവർ ഒരു ആൺകുഞ്ഞ് ജന്മം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. 2.75 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നുവെന്നും അവർ അറിയിച്ചു.

മേഘയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭാവസ്ഥയിലിരിക്കേ അഖിലേഷിന്റെ മരണവാർത്ത കേട്ടത് മേഘയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. അവർ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് -19 ചട്ടങ്ങൾ പ്രകാരമാണ് അമ്മയെയും കുഞ്ഞിനെയും പരിപാലിക്കുന്നതെന്നും അവർ പറഞ്ഞു.

Read More: ആദ്യകൺമണിയെ കാണാൻ കാത്തിരിക്കാതെ അഖിലേഷ് വിട വാങ്ങി

അഖിലേഷ് കുമാറിന്റെ ജന്മനാടാണ് ഉത്തർപ്രദേശിലെ മഥുര. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയതും മഥുരയിലായിരുന്നു. സംസ്കാരത്തിനു കുറച്ചു മുൻപ് മാത്രമാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മരണവാർത്ത അറിയിച്ചത്. പൂർണഗർഭിണിയായ മേഘയുടെ ആരോഗ്യസ്ഥിതിയോർത്ത് കുടുംബാംഗങ്ങൾ അഖിലേഷിന്റെ വിയോഗവാർത്ത മേഘയെ ആദ്യം അറിയിച്ചിരുന്നില്ല.

രണ്ടുവർഷം മുൻപായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. കോഴിക്കോട് എയർ ഇന്ത്യ ബേസിലായിരുന്നു അഖിലേഷും മേഘയും താമസിച്ചിരുന്നത്. എന്നാൽ പ്രസവം അടുത്തതോടെ കഴിഞ്ഞ ജൂണിലാണ് മേഘ അഖിലേഷിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആഗസ്ത് 21 മുതൽ പതിനഞ്ചു ദിവസത്തേക്ക് ലീവിൽ പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു അഖിലേഷ്.

മഹാരാഷ്ട്രയിലെ ഓക്സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അഖിലേഷ് 2017 ലാണ് എയർ ഇന്ത്യയിൽ ചേർന്നത്. സ്വന്തം ഗ്രാമത്തിൽ നിന്നും പൈലറ്റായ ആദ്യത്തെ ചെറുപ്പക്കാരൻ കൂടിയായിരുന്നു അഖിലേഷ്.

ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത്‌ ദൗത്യവിമാനത്തിന്റെ സഹവൈമാനികൻ കൂടിയായിരുന്നു അഖിലേഷ് കുമാർ. വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ക്രൂവിനെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്.

Read More: ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗബാധ

കരിപ്പൂർ വിമാനാപകടം നടന്ന് ഒരുമാസം തികയുകയാണ് ഈ തിങ്കളാഴ്ച. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയായിരുന്നു കരിപ്പൂരിൽ ലാൻഡ് ചെയ്ത ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് താഴ്ചയിലേക്ക് വീണ് അപകടത്തിൽപെട്ടത്. വിമാനത്തിന്റെ പൈലറ്റ് ദിപക് സാഥെയും സഹപൈലറ്റ് അഖിലേഷ് കുമാറും അടക്കം 21 പേരാണ് അപകടത്തിൽ മരിച്ചത്.

10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രി ദുബായില്‍നിന്ന് എത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്.

കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു. പൈലറ്റും കോ പൈലറ്റും അടക്കം 18 പേർ അപകടത്തിന് പിറകേയും രണ്ടു പേർ ഏതാനും ദിവസത്തിനു ശേഷവുമായിരുന്നു മരണപ്പെട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Wife of co pilot who died in kozhikode crash gives birth to boy