ന്യൂഡല്‍ഹി: സ്ത്രീ സ്വാതന്ത്ര്യവും കരുത്തും ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ സുപ്രീംകോടതി വിധി. ഭാര്യ എന്നത് ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്തോ, ഒരു വസ്തുവോ അല്ലെന്നും അവര്‍ക്ക് കൂടെ ജീവിക്കാന്‍ താത്പര്യമില്ലെങ്കില്‍, നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ലെന്നും സുപ്രീംകോടതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നെന്നും കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ച് ഒരു സത്രീ നല്‍കിയ കേസിന്റെ വിചാരണ വേളയിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരായ എതിര്‍ഭാഗത്തോട്, ‘ആ സ്ത്രീ നിങ്ങളുടെ സ്വത്തല്ല, നിങ്ങള്‍ക്കവരെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അവര്‍ക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് പറയാന്‍ കഴിയുക അവര്‍ക്കൊപ്പം ജീവിക്കണമെന്ന്,’ എന്നതായിരുന്നു കോടതിയുടെ ചോദ്യം.

ഭാര്യയ്‌ക്കൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തെ പുനപരിശോധനയ്ക്കു വിധേയമാക്കാനും ഭര്‍ത്താവിനോട് കോടതി ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇത്ര യുക്തിരഹിതമായി ചിന്തിക്കാന്‍ കഴിയുന്നതെന്നും, തന്റെ ഉടമസ്ഥതയിലുള്ള സ്വത്തെന്ന പോലെയാണ് അയാള്‍ ഭാര്യയെ കാണുന്നത്, അവര്‍ ഒരു വസ്തുവല്ലെന്നും പറഞ്ഞ കോടതി കേസിന്റെ ബാക്കി വാദം കേള്‍ക്കുന്നത് ആഗസ്റ്റ് എട്ടിലേക്ക് മാറ്റിവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ