ലക്നൗ: അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജീത് ബച്ചനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്. കൊലപാതക കേസിൽ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഹിന്ദു മഹാസഭ നേതാവ് രൺജീത് ബച്ചന്റെ ഭാര്യ സ്‌മൃതി ശ്രീവാസ്‌തവ, കാമുകൻ ദീപേന്ദ്ര, കാർ ഡ്രെെവർ സൻജീത് എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഭർത്താവിനെ കൊലപ്പെടുത്താനുള്ള കാരണം സ്‌മൃതി പൊലീസിനോട് വെളിപ്പെടുത്തി. 2016 മുതൽ വിവാഹമോചനത്തിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എന്നാൽ നിയമനടപടികൾക്കടക്കം രൺജീത് ബച്ചൻ കാലതാമസം വരുത്തിയെന്നും അതിനാലാണ് ഗത്യന്തരമില്ലാതെ കൊലപ്പെടുത്തിയതെന്നും സ്‌മൃതി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാകാതെ രൺജീത് ബച്ചൻ വിവാഹമോചനം വെെകിപ്പിക്കുകയായിരുന്നെന്ന് സ്‌മൃതി പറയുന്നു. ദീപേന്ദ്രയെ വിവാഹം ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, തങ്ങളുടെ വിവാഹത്തിനു രൺജീത് ബച്ചൻ തടസം നിൽക്കുകയായിരുന്നെന്നും സ്‌മൃതി പറഞ്ഞു. രൺജീതിന്റെ രണ്ടാം ഭാര്യയാണ് സ്‌മൃതി.
Read Also: പിണറായിയെ ആയുധമാക്കി മോദി രാജ്യസഭയിൽ
ഫെബ്രുവരി രണ്ടിനാണ് ഭാത സവാരിക്കിറങ്ങിയ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജീത് ബച്ചൻ വെടിയേറ്റു മരിക്കുന്നത്. ജീതേന്ദ്ര എന്ന ആളാണ് രൺജീതിനെ വെടിവച്ചത്. കൊല നടത്താൻ ഗൂഢാലോചന നടത്തിയത് സ്‌മൃതിയും കാമുകൻ ദീപേന്ദ്രയും ചേർന്നാണ്. എല്ലാ ഗൂഢാലോചകൾക്കും ചുക്കാൻ പിടിച്ചത് സ്‌മൃതിയാണെന്ന് ദീപേന്ദ്ര പറയുന്നു.
ഫെബ്രുവരി രണ്ടിന് രാവിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്ത് വച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണ് രൺജീത്തിന് നേരെ നിറയൊഴിച്ചത്. ഗോരഖ്പൂർ ജില്ല സ്വദേശിയായ രൺജീത് ബച്ചൻ മറ്റൊരാൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഹരത്ഗഞ്ചിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഹിന്ദു മഹാസഭാ നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രൺജിത് ബച്ചന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതാണ് മരണ കാരണം.