കൊൽക്കത്ത: അഞ്ചു വർഷത്തോളം ഭർത്താവ് മുറിയിൽ അടച്ചിട്ടിരുന്ന ഭാര്യയെയും മകളെയും പൊലീസ് രക്ഷപ്പെടുത്തി. 36 കാരിയായ മഞ്ജു മൊണ്ടാലും 11 കാരിയായ മകൾ ടോട്ടയെയുമാണ് അഞ്ചു വർഷത്തിനുശേഷം പുറംലോകം കണ്ടത്. കൊൽക്കത്തയിൽനിന്നും 210 കിലോ മീറ്റർ അകലെയുളള മുർഷിദാബാദിലാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബിരുദധാരിയായ മഞ്ജു മൊണ്ടാലിന്റെ ഭർത്താവ് മനോബന്ദ്ര മൊണ്ടാൽ മരപ്പണിക്കാരനാണ്. ഇയാളെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മഞ്ജുവിന്റെ സഹോദരൻ നിഖിൽ സക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീട്ടിലെത്തിയത്. ജനൽ പൊട്ടിച്ച് അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് അടച്ചിട്ട വൃത്തിഹീനമായ മുറിയിൽ മഞ്ജുവിനെയും മകളെയും കണ്ടെത്തിയത്. വീട്ടിൽ സൂര്യ വെളിച്ചം കടക്കാതിരിക്കാൻ ജനലുകളെല്ലാം കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് കവർ ചെയ്തിരുന്നു. തങ്ങൾക്കൊപ്പം വരാൻ ആദ്യം ഇരുവരും കൂട്ടാക്കിയില്ല. കുറേ നിർബന്ധിച്ച ശേഷമാണ് കൂടെ വന്നതെന്നും ജലൻജി പൊലീസ് സ്റ്റേഷൻ ഓഫീസർ ദെബാസിഷ് സർക്കാർ പറഞ്ഞു. മഞ്ജുവിന്റെ ഭർത്താവിനു വേണ്ടിയുളള തിരച്ചിൽ നടക്കുകയാണെന്നും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുറത്തുവന്ന മഞ്ജുവും മകളും വർഷങ്ങൾക്കുശേഷം ആളുകളെ കണ്ടപ്പോൾ പരിഭ്രാന്തരായി. ഇരുവരുടെയും തല മൂടിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും ഓഫീസർ പറഞ്ഞു.

മഞ്ജുവിനെയും മകളെയും കണ്ടിട്ട് വർഷങ്ങളായെന്നും അവർക്ക് എന്തു പറ്റിയെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും ഗ്രാമവാസിയായ അസ്ഹർ അലി പറഞ്ഞു. മകൾക്ക് ആറു വയസ്സാകുന്നതുവരെ സന്തോഷകരമായ കുടുംബജീവിതമാണ് അവർ നയിച്ചിരുന്നത്. പെട്ടെന്നാണ് ആൾക്കാരുമായും അയൽവാസികളുമായും ബന്ധുക്കളുമായും സംസാരിക്കുന്നത് കുടുംബം നിർത്തിയതെന്നും ഗ്രാമവാസികൾ പറയുന്നു. എല്ലാ ദിവസവും രാവിലെ മനോബന്ദ്ര വീട് പൂട്ടിപ്പോകും. തിരിച്ചുവരുമ്പോൾ രാത്രിയാകുമെന്നും ഗ്രാമവാസികൾ പറഞ്ഞു.

എപ്പോഴൊക്കെ വീട്ടിൽ പ്രവേശിക്കാൻ നോക്കുമ്പോഴും അകത്തുനിന്നും ഒരു സ്ത്രീ അകത്തേക്ക് കടന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി മഞ്ജുവിന്റെ സഹോദരൻ നിഖിൽ സർക്കാർ പറഞ്ഞു. ഇത് മഞ്ജുവാണോയെന്ന് ഉറപ്പില്ല. നാലു വർഷം മുൻപാണ് അവളോട് അവസാനമായി ഫോണിൽ സംസാരിച്ചത്. അതിനുശേഷം ഫോണിൽ സംസാരിക്കുന്നത് അവൾ നിർത്തി. മഞ്ജുവിന്റെ അയൽവാസികളും വ്യക്തമായ ഉത്തരമൊന്നും നൽകിയിരുന്നില്ല. മനോബന്ദ്ര വേറെ വിവാഹം കഴിച്ചുവെന്നും ആ സ്ത്രീയാണ് മഞ്ജുവായി അഭിനയിച്ച് ഞങ്ങളോട് അവിടെനിന്നും എപ്പോഴും പോകാൻ ആവശ്യപ്പെട്ടതെന്നും സംശയമുളളതായും നിഖിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook